എ.ഐ. ക്യാമറയിൽ കുടുങ്ങിയത് 19 എം.എല്‍.എമാരും പത്ത് എം.പിമാരും; ഇതുവരെ ആകെ നിയമലംഘനങ്ങൾ 32.42 ലക്ഷം

Share our post

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സ്ഥാപിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ക്യാമറകളില്‍ കുടുങ്ങി എം.പിമാരും എം.എല്‍.എമാരും അടക്കമുള്ള വി.ഐ.പികളും. ഇവര്‍ക്കെല്ലാം മോട്ടാര്‍ വാഹനവകുപ്പ് ചലാന്‍ അയച്ചിട്ടുമുണ്ട്.

എ.ഐ. ക്യാമറകളുടെ അവലോകനയോഗം ഇന്ന് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്നിരുന്നു. ഒരു മാസത്തിനിടെ 19 എം.എല്‍.എമാരും പത്ത് എം.പിമാരും എ.ഐ. ക്യാമറയില്‍ കുടുങ്ങിയതായി യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ക്യാമറയിൽ കുടുങ്ങിയ എം.പിമാരുടെയും എം.എല്‍.എമാരുടെയും പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഒരു എം.പി. തന്നെ ആറു തവണ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഒരു എം.എല്‍.എ. തന്നെ ഏഴുവട്ടം ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമിത വേഗത, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് എം.എല്‍.എമാര്‍ക്കും എംപിമാര്‍ക്കുമെതിരേ കണ്ടെത്തിയിട്ടുള്ളത്.

ബുധനാഴ്ചവരെ എ.ഐ. ക്യാമറയില്‍ കുടുങ്ങിയത് 32,42,277 നിയമലംഘനങ്ങളാണ്. ഇതില്‍ 15,83,367 എണ്ണം പരിശോധിച്ചു. 3,82,580 പേര്‍ക്ക് ഇ ചലാന്‍ ജനറേറ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനത്തിന് ചലാന്‍ അയച്ചത് 3,23,604 പേര്‍ക്കാണ്. 328 സര്‍ക്കാര്‍ വാഹനങ്ങളും ഗതാഗത നിയമലംഘനം നടത്തിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. എ.ഐ. ക്യാമറകള്‍ വന്നതിനു ശേഷം വാഹനാപകടങ്ങളും മരണങ്ങളും കുറഞ്ഞിട്ടുണ്ടെന്നും നിയമലംഘനം നടത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

ഏകദേശം 25 കോടി രൂപയുടെ പിഴയാണ് ഇതിനകം ചുമത്തിയിട്ടുള്ളത്. ഇതില്‍ ചലാന്‍ അയച്ചതും പിഴ അടച്ചതും 3.3 കോടി മാത്രമാണ്. ചലാന്‍ അയച്ചതിനു ശേഷവും ചിലര്‍ പിഴ അടയ്ക്കാന്‍ വൈകുന്നുണ്ട്. ഇതിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പിഴ അടയ്ക്കാത്തപക്ഷം തൊട്ടടുത്ത വര്‍ഷം ഇന്‍ഷുറന്‍സ് പുതുക്കാന്‍ സാധിക്കാതെ വരുംവിധത്തിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!