ലഹരിവിമുക്ത ചികിത്സാ കേന്ദ്രത്തില്‍ മോഷണം; നഷ്ടപ്പെട്ടത് ലഹരിക്കായി ഉപയോഗിക്കാവുന്ന 577 ഗുളികകള്‍

Share our post

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍നിന്ന് ലഹരിക്കായി ഉപയോഗിക്കാവുന്ന ഗുളികകള്‍ മോഷ്ടിച്ചു. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത ചികിത്സയ്ക്കുള്ള ഓറല്‍ സബ്സ്റ്റിറ്റിയൂഷന്‍ തെറാപ്പി (ഒ.എസ്.ടി.) സെന്ററില്‍നിന്ന് 577 ഗുളികകളാണ് മോഷണം പോയിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ഒ.എസ്.ടി. സെന്ററിലെ ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയുടെ താഴ് ആക്‌സോ ബ്ലേഡുകൊണ്ട് അറത്തുനീക്കി ഇതില്‍ സൂക്ഷിച്ചിരുന്ന മരുന്നുകള്‍ മുഴുവനായും കവരുകയായിരുന്നു.

ജനറല്‍ ആശുപത്രിയുടെ പഴയ ഒ.പി. കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒ.എസ്.ടി. സെന്ററിലെ വാതിലിനു മുകളിലുള്ള ഒഴിഞ്ഞ ഭാഗത്തുകൂടി ചാടിക്കടന്നാണ് മോഷ്ടാക്കള്‍ അകത്തു പ്രവേശിച്ചിരിക്കുന്നത്. ഇവിടെ വേണ്ടത്ര സുരക്ഷാസംവിധാനങ്ങളില്ല. രാത്രി ജനറല്‍ ആശുപത്രിയില്‍ ഒട്ടേറെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും മോഷണം നടന്ന വിവരം അറിഞ്ഞില്ല.

പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലഹരിവിമുക്ത ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരില്‍ ആരെങ്കിലുമായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!