ശനിയകറ്റാൻ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടി

പഴയങ്ങാടി: കർക്കടക മാസം പതിനാറാം നാളിൽ ഭക്തിയുടെ നിറവിൽ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടി. ഇന്നലെ രാവിലെ ഒമ്പതോടെ പുലയ സമുദായത്തിലെ കാരണവരായ പൊള്ളയും കോലാധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച് ഇവർക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്.
നാട്ടിലാകെ ആധിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂർണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാദി കർമ്മങ്ങൾ മുടങ്ങുകയും ശനിയുടെ അപഹാരം മാടായിക്കാവിലമ്മയ്ക്കും ബാധിച്ചതായും കണ്ടതോടെ, പ്രശ്നപരിഹാരത്തിന് ചിറക്കൽ കോവിലകം തമ്പുരാൻ ഇടപെട്ട് ദേവപ്രശ്നം നടത്തി.
മലനാട്ടിലാകെ 108 കൂട്ടം ശനികൾ ബാധിച്ചതായി പ്രശ്നവിധിയിൽ കണ്ടു. തുടർന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാൻ മലയ, വണ്ണാൻ സമുദായത്തിലെ കർമ്മികളെ വിളിച്ചുവരുത്തി കർമ്മങ്ങൾ ചെയ്തുവെങ്കിലും ശനിയെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് പുലയ സമുദായത്തിലുള്ള പൊള്ളയെ വിളിച്ചുവരുത്തി കർമ്മങ്ങൾ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം. കർക്കടകം16ന് കാവിൽ നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവൻ, മാമാരികരുവൻ, മാരി കലിച്ചി, മാമാരി കലിച്ചി, മാരി ഗുളികൻ, മാമാരി ഗുളികൻ തുടങ്ങിയ തെയ്യക്കോലങ്ങൾ നാട്ടിൽ ചുറ്റി സഞ്ചരിച്ചു വീടുകളിലെ ദുരിതങ്ങളെ ആവഹിച്ച് ഉറഞ്ഞുതുള്ളി കടലിൽ ശനിയെ ഒഴുക്കുന്നതോടെ മാരിത്തെയ്യത്തിന് സമാപനമാകും.