ഒന്നാം സമ്മാനമായി ടാറ്റ ടിഗോ ഇലക്ട്രിക് കാർ; ഓണം ഖാദി മേള തുടങ്ങി

Share our post

തിരുവനന്തപുരം : കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയ്‌ക്ക്‌ തുടക്കം. സംസ്ഥാനതല ഉദ്ഘാടനം അയ്യങ്കാളി ഹാളിൽ വ്യവസായ മന്ത്രി പി രാജീവ്‌ നിർവഹിച്ചു. ഖാദി ബോർഡ് പുറത്തിറക്കിയ കേരള ഖാദി സ്പൈസസിന്റെ ലോഞ്ചിങ്ങും മന്ത്രി നിർവഹിച്ചു. മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനംവരെ റിബേറ്റും സർക്കാർ അർധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവും ലഭിക്കും. ആയിരം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക്‌ സമ്മാന കൂപ്പൺ നൽകും.

ഒന്നാം സമ്മാനമായി ടാറ്റ ടിഗോ ഇലക്ട്രിക് കാറും, രണ്ടാം സമ്മാനമായി ഓല ഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനമായി ഓരോ ജില്ലയ്ക്കും ഓരോ പവൻ വീതവും, നാലാം സമ്മാനമായി ആഴ്ചതോറും നറുക്കെടുപ്പിൽ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും നൽകും. കോട്ടൺ ഖാദി, ഖാദി പോളി വസ്ത്ര, വുളൻ ഖാദി തുടങ്ങിയ നൂലുകളിൽ ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ, കുഞ്ഞുടുപ്പുകൾ, ജുബ്ബകൾ എന്നിവ മേളയിൽ ലഭിക്കും. ഖാദി കസവ് സാരികളും വിവാഹ വസ്ത്രങ്ങളും, വെസ്റ്റേൺ വെയേഴ്സ്, പാർട്ടി വെയർ, കാഷ്വൽ വെയേഴ്സ്, ഓഫീസ് വെയേഴ്സ് എന്നിവയും ലഭ്യമാണ്‌.

‘ഖാദി പഴയ ഖാദിയല്ല’ എന്ന പരസ്യവാചകമുയർത്തിക്കൊണ്ട് വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകാൻ ഇപ്പോൾ ഖാദി ബോർഡിന് സാധിക്കുന്നുണ്ട്. പുതിയ തലമുറയുടെ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളുടെയും വ്യത്യസ്ത തൊഴിൽ ചെയ്യുന്നവരുടെയും ആവശ്യങ്ങളും അഭിരുചികളും മനസിലാക്കിക്കൊണ്ട് അതിന് അനുസൃതമായിട്ടുള്ള വൈവിധ്യമേറിയ ഉൽപ്പന്നങ്ങൾ ഇപ്പോൾ ഖാദി ബോർഡ് വിപണിയിലേക്ക് ഇറക്കുന്നുണ്ട്. ഇതിന് രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള ഡിസൈനർമാരുടെ സഹായവും ലഭ്യമാകുന്നുണ്ട്. ഓണക്കാലത്ത് 30% റിബേറ്റോടുകൂടിയാണ് ഖാദി ഉൽപ്പന്നങ്ങൾ വിൽക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമ്പത്തിക വർഷം 100 കോടിയിലധികം രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുകൊണ്ടാണ് ഖാദി ബോർഡ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.

ചടങ്ങിൽ മന്ത്രി ആന്റണി രാജു അധ്യക്ഷനായി. ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ ആദ്യവില്പന നിർവഹിച്ചു. സോണി കോമത്ത്, ഇ.എ. ബാലൻ, വി.കെ. ഷീജ, കെ. ഷാനവാസ് ഖാൻ, കെ.എൻ. അശോക് കുമാർ, എസ്. ശിവരാമൻ, കെ.പി. രണദിവെ, സി.കെ. രമേശ് ബാബു, സാജൻ തോമസ്, ഡി. സദാനന്ദൻ, ഡോ. കെ.എ. രതീഷ്, കെ.കെ. ചാന്ദിനി എന്നിവർ സംസാരിച്ചു. അയ്യങ്കാളി ഹാളിൽ ആഗസ്‌ത്‌ 17 മുതൽ 24 വരെ ഓണം ഖാദി മേളയുണ്ടാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!