സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; 929 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കാന്‍ നടപടി

Share our post

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്‍ ഫോസ്‌കോസ് (FOSCOS) ലൈസന്‍സ് ഡ്രൈവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടികള്‍ സ്വീകരിച്ചു.

പരിശോധനയില്‍ 458 സ്ഥാപനങ്ങള്‍ ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുന്നതായി കണ്ടതിനാല്‍ അവര്‍ക്ക് ലൈസന്‍സ് എടുക്കുന്നതിനുള്ള നോട്ടീസ് നല്‍കി. കൂടാതെ ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

112 സ്‌ക്വാഡുകളെയാണ് ലൈസന്‍സ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലൈസന്‍സ് പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം – 612, കൊല്ലം – 487, പത്തനംതിട്ട – 251, ആലപ്പുഴ – 414, കോട്ടയം – 252, ഇടുക്കി – 103, തൃശൂര്‍ – 276, പാലക്കാട് – 344, മലപ്പുറം – 586, കോഴിക്കോട് – 573, വയനാട് – 150, കണ്ണൂര്‍ – 281, കാസര്‍ഗോഡ് – 134 എന്നിങ്ങനെയാണ് പരിശോധന നടത്തിയത്. എറണാകുളം ഒഴുകിയുള്ള മറ്റു ജില്ലകളിലാണ് ഇന്ന് പരിശോധനകള്‍ നടത്തിയത്. എറണാകുളം ജില്ലയിലെ പരിശോധനകള്‍ ആഗസ്റ്റ് – 2, 3 തീയതികളിലായി നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!