PERAVOOR
വയനാടൻ മഞ്ഞളിന് പുതുജീവനേകി ആറളം ആദിവാസികൾ

പേരാവൂർ: വിപണിയിൽ ഏറെ പ്രിയങ്കരമായ സ്വന്തം വയനാടൻ മഞ്ഞളിന് പുതുജീവനേകുകയാണ് ആറളം പുനരധിവാസ മേഖലയിലെ നിവാസികൾ. നബാർഡിന്റെ ആദിവാസി വികസന പദ്ധതിയിൽ സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് (സി.ആർ.ഡി) നടപ്പാക്കി വരുന്ന ആദിവാസി വികസന പദ്ധതിയിലൂടെയാണ് മഞ്ഞൾ വ്യാപകമായി കൃഷി ചെയ്യുന്നത്.
ആദിവാസി വിഭാഗത്തിലെ സ്ത്രീകൾക്ക് വരുമാന മാർഗം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘നാക്’ പദ്ധതിയുടെ ഭാഗമായാണിത്. നാക് ബ്രാൻഡിൽ പുറത്തിറക്കുന്ന മഞ്ഞൾപൊടിക്ക് ആവശ്യക്കാർ ഏറെയാണ്.
വന്യമൃഗശല്ല്യമേറെയുള്ള ഈ പ്രദേശങ്ങളിൽ പൊതുവേ സുരക്ഷിതമായ കൃഷിയെന്ന രീതിയിലാണ് മഞ്ഞൾ കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. മൂന്ന് വർഷമായി 1096 കുടുംബങ്ങൾക്ക് 25 ടൺ വയനാടൻ മഞ്ഞൾ വിത്താണ് പദ്ധതി പ്രദേശത്ത് കൃഷിക്കായി നൽകിയത്.
കഴിഞ്ഞ വർഷം മാത്രം 5.74 ടൺ വിത്ത് 514 കുടുംബങ്ങൾ കൃഷിക്കുപയോഗിച്ചു. ഇതിലൂടെ വിളവെടുത്ത 29 ടൺ മഞ്ഞൾ ആദിവാസി കർഷകരിൽ നിന്ന് കക്കുവയിലെ വിപണനകേന്ദ്രം വഴി വാങ്ങി സംഭരിച്ചു.
വിപണി വിലയേക്കാൾ ഒരു രൂപ അധികം നൽകിയാണ് മഞ്ഞൾ സംഭരിക്കുന്നത്. പദ്ധതി പ്രദേശത്ത് രൂപവത്കരിച്ച ജെ.എൽ.ജികളുടെ നേതൃത്വത്തിൽ കൂട്ട് സംരംഭമായും മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട്.
തികച്ചും ജൈവിക രീതിയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ പൊടിച്ച് എടുക്കുന്നതും പരമ്പരാഗത രീതിയിലായതിനാൽ മഞ്ഞളിന്റെ മുഴുവൻ ഔഷധ ഗുണവും മണവും രുചിയും ഇവയ്ക്കുണ്ട്.
ആദിവാസി മേഖലയിൽ ഉൽപാദിപ്പിക്കുന്ന മഞ്ഞൾ കക്കുവയിൽ സ്ഥാപിച്ചിരിക്കുന്ന ചൈതന്യ മഞ്ഞൾ പൊടി യൂനിറ്റിൽ നിന്നുമാണ് പൊടിച്ച് പാക്കറ്റുകളിൽ നിറക്കുന്നത്. ഉണക്കി പൊടിച്ച മഞ്ഞൾ പൊടി കിലോഗ്രാമിന് 250 രൂപയും ഉണക്കിയ മഞ്ഞളിന് 200 രൂപയുമാണ് വില. കക്കുവ നാക് വിപണന കേന്ദ്രം, കോട്ടപ്പാറ കശുവണ്ടി യൂനിറ്റ്, വളയൻചാൽ കൃപ തയ്യിൽ യൂനിറ്റ് എന്നിവിടങ്ങളിൽ മഞ്ഞൾ ലഭ്യമാണ്.
ജില്ലയിലേക്ക് ആവശ്യമായ പരമാവധി മഞ്ഞൾ വിത്ത് ഉല്പാദിപ്പിച്ച് വിതരണം ചെയ്യുക, വയനാടൻ മഞ്ഞളിന്റെ ഗുണങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതി നിർവ്വഹണത്തിന് നേതൃത്വം കൊടുക്കുന്ന ഗ്രാമ ആസൂത്രണ സമിതിയും സി.ആർ.ഡിയും ലക്ഷ്യമാക്കുന്നതെന്ന് പ്രോഗ്രാം ഓഫീസർ ഇ.സി. ഷാജി പറഞ്ഞു.
PERAVOOR
എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ; മണത്തണ പുതുക്കുടി വീട്ടിൽ ഇരട്ട മധുരം

പേരാവൂർ: എൽ.കെ.ജി മുതൽ പത്ത് വരെ ഒരേ ക്ലാസുകളിൽ പഠിച്ച ഇരട്ടകൾ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടി. മണത്തണ അയോത്തും ചാലിലെ പുതുക്കുടി വീട്ടിൽ അനികേത് സി.ബൈജേഷും അമുദ സി.ബൈജേഷുമാണ് മണത്തണ ജിഎച്ച്എസ്എസിൽ നിന്ന് പരീക്ഷയെഴുതി ഉന്നത വിജയം നേടിയത്. എൽകെജി മുതൽ ആറു വരെ പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ ഒരേ ക്ലാസിൽ ഒരുമിച്ചാണ് ഇരുവരും പഠിച്ചത്. ഏഴ് മുതൽ പത്ത് വരെ മണത്തണ ജിഎച്ച്എസ്എസിലും ഒരേ ക്ലാസിൽ തന്നെയായിരുന്നു. പ്ലസ്ടുവിന് രണ്ടു പേരും സയൻസാണ് തിരഞ്ഞെടുക്കുന്നത്. മണത്തണ സ്കൂളിൽ തന്നെ രണ്ടുപേർക്കും ഒരേ ക്ലാസിൽ പ്രവേശനം ലഭിക്കണമെന്നാണ് മാതാപിതാക്കളായ പ്രജിഷയുടെയും ബൈജേഷിന്റെയും ഏക ആഗ്രഹം. പെയിന്റിങ്ങ് തൊഴിലാളിയാണ് ബൈജേഷ്, പ്രജിഷ വീട്ടമ്മയും.
PERAVOOR
അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പ്; ഗോഡ് വിൻ മാത്യുവും എയ്ഞ്ചൽ മരിയ പ്രിൻസും ജേതാക്കൾ

പേരാവൂർ:ജില്ലാ അണ്ടർ 17 ചെസ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗത്തിൽ ഗോഡ് വിൻ മാത്യു കണ്ണൂരും ഗേൾസ് വിഭാഗത്തിൽ എയ്ഞ്ചൽ മരിയ പ്രിൻസ് (ഗുഡ് എർത്ത് ചെസ്സ് കഫെ) പേരാവൂരും ജേതാക്കളായി. ബോയ്സ് വിഭാഗത്തിൽ അർജുൻ കൃഷ്ണ (കണ്ണൂർ), തരുൺ കൃഷ്ണ (തലശ്ശേരി ) എന്നിവരും, ഗേൾസിൽ ഇസബെൽ ജുവാന കാതറിന ജൻസൻ (പയ്യന്നൂർ), ദേവിക കൃഷ്ണ എന്നിവരും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആദ്യ രണ്ട് സ്ഥാനക്കാർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കും. പേരാവൂർ ഗുഡ് എർത്ത് ചെസ് കഫെയിൽ ചാമ്പ്യൻഷിപ്പ് ജിമ്മി ജോർജ് ഫൗണ്ടേഷൻ ചെയർപേഴ്സൺ ലൗലി ജോർജ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ബൈജു ജോർജ് അധ്യക്ഷനായി. ചെസ് അസോസിയേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി വി.എൻ.വിശ്വനാഥ് മുഖ്യതിഥിയായി. വാർഡ് മെമ്പർ രാജു ജോസഫ്, ഡോ.കെ.വി. ദേവദാസൻ, കെ.സനിൽ, സുഗുണേഷ് ബാബു, കെ.മുഹമ്മദ് , ഗുഡ് എർത്ത് ചെസ് കഫെ പ്രതിനിധികളായ പി.പുരുഷോത്തമൻ, കോട്ടായി ഹരിദാസൻ, എന്നിവർ സംസാരിച്ചു.
PERAVOOR
കൊട്ടിയൂർ വൈശാഖോത്സവം; വാകയാട് പൊടിക്കളത്തിൽ ദൈവത്തെ കാണൽ നടന്നു

പേരാവൂർ: കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രാരംഭ ചടങ്ങായ ‘ദൈവത്തെ കാണൽ ‘ മണത്തണ വാകയാട് പൊടിക്കളത്തിൽ നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിന് കൊട്ടിയൂർ ക്ഷേത്രത്തിലെ ഒറ്റപ്പിലാൻ, കാടൻ സ്ഥാനികർ എന്നിവർ നേതൃത്വം നല്കി. കാരണവർ മനങ്ങാടൻ കേളപ്പൻ കാർമികത്വം വഹിച്ച ചടങ്ങിൽ കാടൻ ധാരപ്പൻ, ബാബു എന്നിവർ സഹകാർമ്മികരായി. കൊട്ടിയൂരിന്റെ ഊരാളൻമാരെ സാക്ഷിയാക്കി കുറിച്യസ്ഥാനികൻ പൂജാ വേളയിൽ ദൈവത്തോട് സംസാരിക്കുന്നതും വൈശാഖോത്സവ ഒരുക്കങ്ങൾക്ക് അനുവാദം വാങ്ങുന്നതുമാണ് ചടങ്ങ്. മുൻപ് പൊടിക്കളങ്ങളിൽ ശേഖരിച്ചിരുന്ന ‘നെല്ല്’ വൈശാഖോത്സവ ആവശ്യത്തിലേക്ക് സ്വീകരിച്ചിരുന്നത് ദൈവത്തെ കാണൽ ചടങ്ങോടുകൂടിയായിരുന്നു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, തലശ്ശേരി മലബാർ ദേവസ്വം ബോർഡ് അസി.കമ്മീഷണർ എൻ.കെ.ബൈജു, പാരമ്പര്യ ട്രസ്റ്റി ആക്കൽ ദാമോദരൻ നായർ, പാരമ്പേര്യതര ട്രസ്റ്റി എൻ.പ്രശാന്ത്, എക്സിക്യുട്ടീവ് ഓഫീസർ കെ.ഗോകുൽ, മാനേജർ നാരായണൻ എന്നിവർ സംബന്ധിച്ചു. വൈശാഖോത്സവത്തിന്റെ നാളുകൾ കുറിക്കുന്ന ചടങ്ങായ പ്രക്കൂഴം തിങ്കളാഴ്ച ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ നടക്കും. ക്ഷേത്ര സന്നിധിയിലെ കുത്തോട് മണ്ഡപത്തിലാണ് തീയതി കുറിക്കൽ ചടങ്ങ് നടക്കുക. ജൂൺ എട്ടിന് നെയ്യാട്ടത്തോടെ വൈശാഖോത്സവം ആരംഭിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്