പുതിയതും പഴയതുമായ ആര്‍.സി ബുക്കുകള്‍, സാധാരണ ഡ്രൈവിങ് ലൈസന്‍സുകള്‍… വാഹനമോടിക്കുന്ന ഓരോരുത്തരും ഏറെ പ്രാധാന്യത്തോടെ സൂക്ഷിക്കുന്ന ഈ രേഖകളുടെ ഒരു കൂന കാണാം എറണാകുളം ആര്‍.ടി.ഓഫിസിലെത്തിയാല്‍. ഇതില്‍ 2020ല്‍ രജിസ്ട്രേഷന്‍ നടത്തിയ വാഹനങ്ങളുടെ വരെ ആര്‍.സി. ബുക്കുകളുണ്ട്. കൂട്ടത്തില്‍ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് മുന്‍പ് അപേക്ഷിച്ചവരുടെ ഡ്രൈവിങ് ലൈസന്‍സ് കാണാം.
ഓഫിസില്‍ നിന്ന് തപാല്‍ മുഖേന ഉപഭോക്താക്കള്‍ക്ക് അയച്ചതും അവകാശികളെ കണ്ടെത്താന്‍ കഴിയാതെ തപാല്‍വകുപ്പ് മടക്കിയതുമായ രണ്ടായിരത്തോളം ആര്‍.സി.ബുക്കും 500 ഓളം ഡ്രൈവിങ് ലൈസന്‍സുമാണ് ആര്‍.ടി. ഓഫീസിനകത്തെ മൂലയില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലായി സൂക്ഷിച്ചിരിക്കുന്നത്.
സ്ഥലപരിമിതി കാരണം ഇവ സൂക്ഷിക്കാനിടമില്ലാതെ വലയുകയാണ് ആര്‍.ടി. ഓഫീസ് ജീവനക്കാര്‍. രജിസ്ട്രേഡ് തപാലുകളാണ് മടങ്ങിയെത്തിയിട്ടുള്ളത്. വിലാസം കണ്ടെത്താന്‍ കഴിയാത്തതാണ് തപാല്‍ വകുപ്പ് മടക്കാന്‍ കാരണം. ചില വീടുകളില്‍ ആള്‍ താമസമില്ലെന്നും പോസ്റ്റോഫീസ് ജീവനക്കാര്‍ പറയുന്നു. ഇവ സൂക്ഷിക്കേണ്ട ചുമതല ഇപ്പോള്‍ മോട്ടോര്‍ വാഹനവകുപ്പിനാണ്.
മടങ്ങിവരുന്ന ആര്‍.സി. ബുക്കുകളും ഡ്രൈവിങ്ങ് ലൈസന്‍സും കൊണ്ട് നിറഞ്ഞ കാര്‍ഡ്‌ബോര്‍ഡ് ബോക്‌സ്
പുതിയ വാഹനങ്ങളുടേതടക്കം ആര്‍.സി.രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. ഉടമസ്ഥാവകാശം മാറാന്‍ നല്‍കിയവയും വാഹനവായ്പ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നല്‍കിയതും ഈ പെട്ടികളില്‍ ഉടമയെ കാത്ത് കിടപ്പാണ്.
അപേക്ഷകള്‍ക്കൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെ പിശകുകളാണ് തപാല്‍ തിരിച്ച് മടങ്ങാന്‍ കാരണമാകുന്നത്. തിരിച്ചറിയല്‍ രേഖകളിലെ അഡ്രസ്സിലേക്കാണ് വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്. ഇതില്‍ തെറ്റുള്ളതിനാലാണ് തപാല്‍ മടങ്ങാന്‍ കാരണമാകുന്നതെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
അപേക്ഷയില്‍ കൃത്യമായ മേല്‍വിലാസം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയല്‍ രേഖകളിലെ വിലാസത്തിലേക്കാണ് മോട്ടോര്‍ വാഹനവകുപ്പ് ആര്‍.സി. ബുക്കും ഡ്രൈവിങ് ലൈസന്‍സും മാറ്റുന്നത്. മേല്‍വിലാസത്തിലെ തെറ്റുകള്‍ കാരണം ആര്‍.സി.യും ലൈസന്‍സും ലഭിക്കാത്തവര്‍ക്ക് എറണാകുളം ആര്‍.ടി. ഓഫീസില്‍ (കളക്ടറേറ്റ് രണ്ടാം നില) നേരിട്ടെത്തി ഇതു വാങ്ങാം, തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്നു മാത്രം.
ഉടമ സ്ഥലത്തില്ലെങ്കില്‍ ബന്ധുക്കള്‍ക്കോ അംഗീകാരപ്പെടുത്തിയവര്‍ക്കോ രേഖകള്‍ കൈപ്പറ്റാം. ഉടമ നല്‍കുന്ന അനുമതി പത്രം, രണ്ടുപേരുടെയും തിരിച്ചറിയല്‍ കാര്‍ഡിന്റെ ഒറിജിനലും ഒരു കോപ്പിയും എന്നിവ ഹാജരാക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
സ്മാര്‍ട്ട് ലൈസന്‍സ് മടങ്ങിയോ? എങ്കില്‍ വിട്ടോ, തേവരയിലേക്ക്…
വിലാസത്തിലെ പിശകുകാരണമോ മറ്റോ നിങ്ങളുടെ സ്മാര്‍ട്ട് ലൈസന്‍സ് പോസ്റ്റ് ഓഫിസില്‍ നിന്ന് മടങ്ങിയതായി വിവരം ലഭിച്ചോ? എങ്കില്‍, ആര്‍.ടി ഓഫിസുകളില്‍ ചെന്നാല്‍ നേരിട്ടു കൈപ്പറ്റാമെന്ന് കരുതേണ്ടട്ടോ. സീരിയല്‍ നമ്പര്‍, യു.വി. എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂ.ആര്‍. കോഡ് എന്നിങ്ങനെ ഏഴ് സുരക്ഷ ഫീച്ചറുകളുള്ള സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സിന് ആര്‍.ടി. ഓഫീസുകളില്‍ വന്നിട്ട് കാര്യമില്ല.
സംസ്ഥാനത്തേക്കുള്ള സ്മാര്‍ട്ട് ലൈസന്‍സ് വിതരണം എറണാകുളം തേവരയിലെ കേന്ദ്രീകൃത ലൈസന്‍സ് പ്രിന്റിങ് യൂണിറ്റില്‍ വെച്ചാണ്. പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലൈസന്‍സ് തപാല്‍ വഴി വിതരണം ചെയ്യാനാകാതെ മടങ്ങിയാല്‍ ഏതു ജില്ലക്കാരനായാലും തേവരയിലെ ഈ കേന്ദ്രത്തിലെത്തി കൈപ്പറ്റേണ്ടി വരും. 14 ജില്ലകളിലെയും മുഴുവന്‍ സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകളും തയ്യാറാക്കുന്നത് ഇവിടെയാണ്.
നേരത്തെ വിലാസം തെറ്റി തപാല്‍ വകുപ്പ് ലൈസന്‍സ് മടക്കിയാല്‍ അപേക്ഷകന് അതാത് ആര്‍.ടി. ഓഫീസുകളിലെത്തി കൈപ്പറ്റാമായിരുന്നു. വിലാസം തെറ്റുകയോ വീട് അടഞ്ഞു കിടക്കുകയോ ചെയ്താല്‍ പോസ്റ്റ്മാനു ബന്ധപ്പെടാനാണ് ഫോണ്‍ നമ്പര്‍ ചേര്‍ക്കുന്നത്.
ഇതുകൂടി തെറ്റിയാല്‍ ലൈസന്‍സ് തേവര കേന്ദ്രത്തിലേക്ക് മടക്കും. പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ വിലാസവും ഫോണ്‍ നമ്പറും കൃത്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാവൂയെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.