‘ഗർഭം ധരിപ്പിക്കൽ ജോലി’ ഓൺലൈൻ തട്ടിപ്പ്‌; അന്വേഷണം രാജസ്ഥാനിലേക്ക്‌

Share our post

തലശേരി : യുവതികളെ ഗർഭം ധരിപ്പിക്കുന്ന ജോലിക്ക്‌ 25 ലക്ഷം രൂപ ഓൺലൈനിൽ വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ നടത്തിയ സംഭവത്തിൽ അന്വേഷണം രാജസ്ഥാനിലേക്ക്‌. മാഹി ദേശീയപാതയ്‌ക്ക്‌ സമീപത്തെ ലോഡ്‌ജിലെ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരനാണ് ഓൺലൈൻ തട്ടിപ്പിൽ 49,500 രൂപ നഷ്ടമായത്‌.

ഉയർന്ന ശമ്പളമുള്ള ജോലിയെന്ന ഓൺലൈൻ പരസ്യം കണ്ടാണ്‌ യുവാവ്‌ സംഘവുമായി ബന്ധപ്പെട്ടത്‌. ഫോണിൽ സംസാരിച്ച്‌ ഇടപാട്‌ ഉറപ്പിച്ചു. 799 രൂപ അടച്ച്‌ ഗ്രൂപ്പിൽ അംഗത്വമെടുത്തു. ഗർഭം ധരിക്കാത്ത സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന ജോലിയാണ് ചെയ്യേണ്ടതെന്നാണ് വിശ്വസിപ്പിച്ചത്. ഗർഭധാരണം ആഗ്രഹിക്കുന്ന സ്‌ത്രീകളുടെ ഫോട്ടോയും ഓൺലൈനിലൂടെ കാണിച്ചു. പ്രതിഫലമായി വാഗ്‌ദാനം ചെയ്‌ത 25 ലക്ഷത്തിൽ അഡ്വാൻസായി അഞ്ച്‌ ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചതായി കാണിച്ച്‌ സ്ക്രീൻ ഷോട്ട് വാട്സ് ആപ്പിൽ അയച്ചുനൽകി. ആദ്യഗഡു ലഭിച്ചതായി വിശ്വസിച്ച യുവാവിന്‌ ഒരു സന്ദേശംകൂടി ലഭിച്ചു. ജോലിക്ക് ചേരാനുള്ള അപേക്ഷാ ഫീസ്, പ്രോസസിങ് ഫീസ് എന്നിവ ചേർത്ത് 49,500 രൂപ അടയ്‌ക്കാനായിരുന്നു അറിയിപ്പ്‌.

തട്ടിപ്പുസംഘം അയച്ചുകൊടുത്ത ക്യൂആർ കോഡ് ഉപയോഗിച്ച്‌ തുക അടച്ചു. സംഘം അയച്ചതായി പറയുന്ന അഞ്ച്‌ ലക്ഷം രൂപ അക്കൗണ്ടിൽ എത്തിയുമില്ല. പണം നഷ്ടപ്പെട്ട കാര്യം ജോലിചെയ്യുന്ന ലോഡ്ജിന്റെ ഉടമയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ്‌ മാഹി പൊലീസിൽ പരാതി എത്തിയത്. സൈബർസെൽ സഹായത്തോടെ മാഹി സി.ഐ കെ.ബി. മനോജിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പുകാർ രാജസ്ഥാനിൽനിന്നുള്ള സംഘമാണെന്ന്‌ വ്യക്തമായി. പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ട്‌ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്‌. സമാന രീതിയിൽ മറ്റുപലരും തട്ടിപ്പിനിരയായെന്ന്‌ സംശയിക്കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!