സജീവമായി മലയോരത്തെ മൺസൂൺ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

ശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പൈതൽ മല… സഞ്ചാരികളെ വരവേൽക്കാൻ ഒരുങ്ങി മലയോരത്തെ മൺസൂൺ വിനോദ സഞ്ചാര കേന്ദ്രങ്ങൾ. സീസൺ തുടങ്ങി മഴ അല്പം ശമിച്ചതോടെ മലയോരത്ത് എത്തുന്ന സഞ്ചാരികളുടെ എണ്ണവും വർധിച്ചു.
പൈതൽ മലയും പാലക്കയംതട്ടും ഒഴികെയുള്ള സ്ഥലങ്ങളിൽ ജൂൺ മുതൽ ഡിസംബർ വരെയാണ് കൂടുതലായും സഞ്ചാരികൾ എത്താറുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഏഴരക്കുണ്ട്, കാഞ്ഞിരക്കൊല്ലി വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികളുടെ തിരക്കാണ്. പൈതൽ മല – പാലക്കയംതട്ട് – ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കോർത്തിണക്കി എല്ലാ ഞായറാഴ്ചകളിലും ‘എക്സ്പ്ലോർ മലയോരം വിത്ത് കെ. എസ്. ആർ. ടി. സി’ എന്ന പേരിൽ ബസ് സർവീസും നിലവിലുണ്ട്.
പൈതൽ മലയിൽ ട്രക്കിങ്ങിനും മറ്റ് മഴക്കാല ക്യാമ്പുകൾക്കും ഒക്കെയായി നിരവധി സഞ്ചാരികൾ എത്തി തുടങ്ങി. പൈതൽ മലയിലെ റിസോർട്ടുകളിലും മൺസൂൺ സീസൺ ആഘോഷിക്കാൻ ആളുകൾ എത്തുന്നുണ്ട്. മഴയും കാറ്റും മഞ്ഞും ആസ്വദിക്കാൻ പാലക്കയംതട്ടിലും സഞ്ചാരികൾ എത്തുന്നുണ്ട്. എന്നാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പാലക്കയം തട്ടിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.
ജാഗ്രത വേണം
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ കുളിക്കാൻ എത്തുന്നവർ സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിക്കരുത്. മദ്യപിച്ചോ മറ്റ് ലഹരി പദാർഥങ്ങൾ ഉപയോഗിച്ചോ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങരുത്. അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്.
കനത്ത മഴയുള്ള സമയങ്ങളിൽ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതും അപകടം ഉണ്ടാക്കും. വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നിൽക്കുന്നതും അപകടമാണ്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളിൽ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്.