മാഹി കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചു

മാഹി: മുഴപ്പിലങ്ങാട് – മാഹി ബൈപാസിൽ മാഹി മേല്‍പാലത്തിന്റെ ഗർഡറുകൾ സ്ഥാപിക്കുന്നതിനാൽ കാരോത്ത് രണ്ടാം റെയിൽവെ ഗേറ്റ് 60 ദിവസത്തേക്ക് അടച്ചു. ജോലി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി സെപ്റ്റമ്പർ 30 വരെയാണ് രണ്ടാം ഗേറ്റും അനുബന്ധ റോഡും അടച്ചതെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യാത്രക്കാർ മൂന്നാം ഗേറ്റ് വഴി ഗതാഗത സൗകര്യം ഉപയോഗിക്കണം. മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുമ്പോൾ ഇതുവഴിയുള്ള തീവണ്ടി ഗതാഗതത്തെയും ബാധിക്കും.
150 മീറ്റർ നീളത്തിൽ റെയിൽവേ മേൽപാലം നിർമിക്കാൻ 42 ഫാബ്രിക്കേറ്റഡ് കോംപോസിറ്റ് ഗർഡറുകളാണ് വേണ്ടത്. ഇവ കഴിഞ്ഞ ദിവസം മുതൽ റോഡുമാർഗം ചെന്നൈ ആർക്കോണത്തുനിന്ന് എത്തിച്ചിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഇരുമ്പ് ഗർഡറിന്റെ മൂന്ന് ഭാഗമാണ് ഒരു ട്രെയിലറിൽ കൊണ്ടുവരാൻ കഴിയുക. നേരത്തെ, ഏപ്രിൽ 30-ന് ഗർഡറുകൾ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിശ്ചയിച്ച തീയതിയിൽ ഗർഡർ എത്താത്തത് പ്രവൃത്തി വൈകിപ്പിച്ചു.
റെയിൽവേയുടെ മേൽനോട്ടത്തിൽ റെയിൽവേ കരാറുകാരാണ് ഗർഡർ സ്ഥാപിക്കുന്നത്. തൂണുകളും ബീമിന്റെയും നിർമാണം നേരത്തെ പൂർത്തിയായതാണ്.