ഓണപ്പൊലിമയ്ക്ക് കുടുംബശ്രീയുടെ ‘ഓണശ്രീ’

Share our post

തളിപ്പറമ്പ്‌ : ഓണത്തെ വരവേറ്റ്‌ കുടുബശ്രീയുടെ വില്ലേജ്‌ ഫെസ്റ്റിവൽ “ഓണശ്രീ” 21 മുതൽ 27 വരെ തളിപ്പറമ്പ്‌ മണ്ഡലത്തിലെ വിവിധ തദേശ സ്ഥാപനങ്ങളിൽ നടക്കും. കുടുംബശ്രീ നേതൃത്വത്തിൽ പുതുമാതൃക തീർക്കുന്ന വില്ലേജ്‌ ഫെസ്റ്റിവലിന്റെ ജില്ലാതല ഉദ്‌ഘാടനം 21ന്‌ തളിപ്പറമ്പ്‌ മന്ന മദ്രസക്ക്‌ സമീപം നടക്കും. ഓണശ്രീ മേള 21ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനംചെയ്യും. 

 മണ്ഡലത്തിലെ രണ്ട് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലും എട്ടു ദിവസത്തെ ഫെസ്റ്റിവൽ നടക്കും. ഓരോ തദ്ദേശ സ്ഥാപനങ്ങളിലെയും പ്രാദേശിക കുടുംബശ്രീ സംരംഭകരുടെയും കർഷക ഗ്രൂപ്പുകളുടെയും പരിശുദ്ധമായ ഉൽപ്പന്നങ്ങളുടെ വിപണന സ്റ്റാളുകൾ, നാടൻ പച്ചക്കറികൾ, വിഭവ സമൃദ്ധമായ ഫുഡ് കോർട്ടുകൾ, സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കലാവേദികൾ, തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വിവരിക്കുന്ന പ്രദർശന സ്റ്റാളുകൾ എന്നിവ മേളയിൽ ഒരുക്കും. കുടുംബശ്രീ, പഞ്ചായത്ത്, നഗരസഭ, കൃഷിവകുപ്പ്, സാംസ്‌കാരിക സ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ നടത്തുന്നത്‌.

തളിപ്പറമ്പ് മണ്ഡലത്തിൽ ഒരുക്കുന്ന അതിവിപുലമായ ഓണവിപണി സംസ്ഥാനത്തിന് മാതൃകയാണെന്നും കേരളം മുഴുവൻ ഓണശ്രീ മാതൃകയിൽ വില്ലേജ് ഫെസ്റ്റുകൾ നടത്തുന്നതിന് തളിപ്പറമ്പ് പ്രചോദനമാകുമെന്നും ഓണശ്രീ വില്ലേജ് ലോഗോ പ്രകാശിപ്പിച്ച്‌ എം.വി. ഗോവിന്ദൻ എം.എൽ.എ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ തളിപ്പറമ്പ് നഗരസഭാ ചെയർമാൻ മുർഷിദ കൊങ്ങായി, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ വി.എം. സീന, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി.പി. ബാബുരാജ്, കുടുംബശ്രീ ജില്ലാ കോ-ഓഡിനേറ്റർ ഡോ. എം. സുർജിത്ത് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!