നടുവൊടിഞ്ഞ് ധർമ്മടം പഴയപാലം ; അപകടം കാത്തിരിക്കരുതേ..

തലശ്ശേരി: ധർമ്മടം പഴയപാലം നടുവൊടിഞ്ഞ് പുഴയിലേക്ക് വീഴാറായിട്ടും പൊളിച്ചുമാറ്റാൻ അധികൃതർ തയ്യാറാകുന്നില്ല. ഈ പാലത്തിന്റെ ആയുസിന്റെ കാര്യത്തിൽ സംശയമുയർന്നപ്പോൾ 2007 ലാണ് സമീപത്ത് പുതിയ പാലം പണിതത്. പാലത്തിനടുത്ത് നിന്നും അനിയന്ത്രിതമായി മണൽ വാരിക്കടത്തിയതിനാലാണ് തൂണുകളിലൊന്ന് താഴ്ന്നു പോയതെന്ന് പറയപ്പെടുന്നു.
ഏത് നിമിഷവും പൂർണ്ണമായി പൊട്ടി വീഴുമെന്ന നിലയിൽ പുഴയ്ക്ക് കുറുകെ താഴ്ന്നു നിൽക്കുന്ന പാലം ജല ഗതാഗതത്തിനും കടുത്ത ഭീഷണിയാണ്.ഉടൻ പൊളിച്ചു മാറ്റണമെന്ന് നാട്ടുകാരും മത്സ്യ തൊഴിലാളികളും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗം ഇന്നേ വരെ പ്രതികരിച്ചില്ല .പൊളിച്ചുമാറ്റാൻ വകുപ്പില്ലെന്നും തനിയെ വീഴുന്നെങ്കിൽ വീണോട്ടെ, എന്നുമാണ് ബന്ധപ്പെട്ടവരുടെ നിലപാടത്രെ.
2012 ലാണ് ദേശീയപാതയോരത്തുള്ള പാലത്തിന്റെ മദ്ധ്യഭാഗത്ത് പൊടുന്നനെ വിള്ളൽ പ്രത്യക്ഷപ്പെട്ട് പുഴയിലേക്ക് തൂങ്ങിയത്. അടിത്തൂണുകളിൽ ഒന്ന് പുഴയിൽ താഴ്ന്ന് പോയതിനാൽ തൂക്കുപാലം കണക്കെ അന്ന് മുതൽ പാലത്തിന്റെ സ്ലാബുകൾ വെള്ളത്തിലേക്ക് തൊട്ടു തൊട്ടില്ലെന്ന മട്ടിൽ നിൽപ്പാണിപ്പോൾ.
തീർത്തും അറ്റുവേർപെടാത്ത പാലത്തിലൂടെ ദേശവാസികൾ വഴി നടക്കുന്നതും സാഹസിക യാത്രികർ ഇരുചക്ര വാഹനമോടിച്ചു പോവുന്നതും കാണാം. കടുത്ത അപകടഭീഷണിയാണ് ഇത് ഉയർത്തുന്നത്.ബ്രിട്ടീഷ് നിർമ്മിതിധർമ്മടം പുഴയിൽ 1940 ലാണ് ബ്രിട്ടീഷുകാർ പാലം പണിതത്. വാഹന ഗതാഗതം കൂടിയതും കാലപ്പഴക്കവും കാരണം പാലത്തിന് ബലക്ഷയം വന്നു.
ദൃഢപ്പെടുത്താൻ 1986ലും 1998ലും അറ്റകുറ്റപണി നടത്തി. ഇതിൽ പിന്നീടും പ്രശ്നങ്ങൾ നേരിട്ടതോടെ 2001 ൽ മുംബയിലെ ഗിൽക്കോൺ കൺസൾട്ടൻസി ഉറപ്പ് പരിശോധിച്ചു. ഇവർ നടത്തിയ പഠനത്തിൽ തൂണുകളിൽ ചിലത് താഴ്ന്നതായും വാഹനങ്ങൾ കടന്നു പോവുമ്പോൾ പാലത്തിന് അസാധാരണ കുലുക്കം അനുഭവപ്പെടുന്നതായും കണ്ടെത്തി. ഇതേ തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.പാലത്തിന്റെ നീളം82 മീറ്റർവീതി 5.40 മീറ്റർ.