ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; തീയതി നീട്ടി

Share our post

മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുമുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷിക്കുന്നതിനുള്ള തീയതി ആഗസ്റ്റ് 25 വരെ നീട്ടി.

ശരിയായ ജനലുകള്‍ വാതിലുകള്‍/ മേല്‍ക്കൂര/ഫ്‌ളോറിങ്/ഫിനിഷിങ്/പ്ലംബിംങ്/സാനിറ്റേഷന്‍/വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപണിക്ക് 50,000 രൂപയാണ് ധനസഹായം.

ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബിപിഎല്‍ കുടുംബത്തിന് മുന്‍ഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുന്‍ഗണന.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍നിന്ന് അപേക്ഷാഫോം ലഭിക്കും. 2023-24 സാമ്പത്തിക വര്‍ഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കുക.

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തില്‍ അതാത് ജില്ലാ കലക്ടറേറ്റിലേയ്ക്ക് തപാലിലും അപേക്ഷിക്കാം.

വീട് അറ്റകുറ്റപണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണം 1200 ചതുരശ്ര അടിയില്‍ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും, വില്ലേജ് ഓഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.

മറ്റു വകുപ്പുകളില്‍ നിന്നോ, സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റഷന്‍ ഓഫീസറില്‍ നിന്നോ പഞ്ചായത്ത് സെക്രട്ടറിയില്‍നിന്നോ ഹാജരാക്കണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!