തലമുടി കൊഴിച്ചില്‍ അലട്ടുന്നുവോ; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍ 

Share our post

തലമുടിയുടെ ആരോഗ്യം നഷ്ടമാകുന്നത് നമ്മളില്‍ ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്‌നമാണ്. തലമുടി വളരാത്തതും കൊഴിഞ്ഞുപോകുന്നതും നമ്മളെ കൂടുതല്‍ ടെന്‍ഷനിലാക്കുന്നു. കെമിക്കല്‍ ട്രീറ്റുമെന്റുകളും പരീക്ഷണങ്ങളും പലതും പയറ്റിയിട്ടും ഇതില്‍ മാറ്റം കാണുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും.

പക്ഷെ തലമുടിയുടെ ആരോഗ്യത്തിന് ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഭക്ഷണത്തിലാണ്. തലമുടി കൊഴിച്ചില്‍ മാറാനും കരുത്തോടെ വളരാനും വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അത്തരത്തില്‍ തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ചില ഭക്ഷണങ്ങളെ അറിഞ്ഞുവെക്കാം.

പയറു വര്‍ഗങ്ങള്‍ കൃത്യമായി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. പ്രോട്ടീനിന്റെ മികച്ച ഉറവിടമാണ് പയറു വര്‍ഗങ്ങള്‍. നല്ല അളവില്‍ സിങ്കും അടങ്ങിയ ഭക്ഷണം കൂടിയാണ് പയര്‍. അതിനാല്‍ ഇവയും തലമുടിയുടെ ആരോഗ്യം നല്ലതാക്കും. തലമുടി നന്നായി വളരാനും സഹായിക്കും.

വിറ്റാമിനുകളുടെ കലവറയാണ് ചീര. അടുക്കളയില്‍ പതിവായി കാണുന്ന പച്ചക്കറിയാണ് ഇത്. എന്നാല്‍ ഇത് കഴിക്കാന്‍ പലരും താത്പര്യം കാണിക്കാറില്ല. മുടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഇലക്കറിയാണിത്. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. അതിനാല്‍ ചീര കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയ മധുരക്കിഴങ്ങില്‍ വിറ്റാമിന്‍- എ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നമ്മള്‍ പതിവായി കഴിക്കാത്ത ഒരു ഭക്ഷണമാണിത്. തലമുടി കൊഴിച്ചിലും മറ്റു പ്രശ്‌നങ്ങളും അലട്ടുന്നുണ്ടെങ്കില്‍ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

മുട്ട കഴിക്കുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും. പ്രോട്ടീനുകളും വിറ്റാമിന്‍-ബി യും ധാരാളം അടങ്ങിയതാണ് മുട്ട. തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകമായ ബയോട്ടിന്‍, സിങ്ക് എന്നിവയും ഇതിലുണ്ട്. അതിനാല്‍ മുട്ട പതിവായി കഴിക്കുന്നത് തലമുടിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!