അതിഥി തൊഴിലാളികളുടെ കണക്ക് പോലീസ് ശേഖരിക്കും

സംസ്ഥാനത്തുള്ള അതിഥി തൊഴിലാളികളുടെ കണക്കും വിവരങ്ങളും പോലീസ് ശേഖരിക്കും. ഇതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പ്രത്യേക പ്രോഫോർമ നൽകും. ഇതിലാകും അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുക. സംസ്ഥാന പോലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹേബ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും അതിഥി തൊഴിലാളികളുടെ നാട്ടിലെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങളാകും ശേഖരിക്കുക. എല്ലാ പോലീസ് സ്റ്റേഷനുകളിൽ നിന്നുമുള്ള വിവരങ്ങൾ ക്രോഡീകരിച്ച് സൂക്ഷിക്കും. കുട്ടികളെയും സ്ത്രീകളെയും കാണാതാവുന്ന കേസുകളിൽ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കാനും പോലീസ് മേധാവി നിർദേശിച്ചു.
മയക്കുമരുന്ന് കേസുകളിൽ ശക്തമായ അന്വേഷണം വേണം. സൈബർ കുറ്റകൃത്യങ്ങളിൽ കേസെടുക്കുകയും കൃത്യമായ അന്വേഷണം നടത്തുകയും വേണം. മാവോവാദി സ്വാധീനമുള്ള വടക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രത പുലർത്തണം.
ഫൊറൻസിക് സയൻസ് ലാബുകളിലെ റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാനും പോലീസ് മേധാവി നിർദേശിച്ചു. ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കാനും നിർദേശമുണ്ടായി.