കെൽട്രോണിൽ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് ആദ്യഘട്ടം പൂർത്തിയാകുന്നു

കണ്ണൂർ : മാങ്ങാട്ടുപറമ്പ് കെൽട്രോൺ കോംപണന്റ് കോംപ്ലക്സിൽ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് നിർമാണം ആദ്യഘട്ടം ഒരുമാസത്തിനകം പൂർത്തിയാകും. പ്ലാന്റ് സെപ്‌തംബറിൽ പ്രവർത്തനം തുടങ്ങിയേക്കും. 18 കോടി രൂപ ചെലവിലാണ് ആദ്യഘട്ട നിർമാണം. രാജ്യത്തെ ആദ്യ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റാണ് മാങ്ങാട്ടുപറമ്പിൽ തുടങ്ങുന്നത്. രണ്ട് ഘട്ടമായി 36 കോടി രൂപ ചെലവിൽ ഐ.എസ്.ആർ.ഒ.യുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാന്റിൽ മെഷിനറികൾ സജ്ജീകരിക്കുന്ന പ്രവർത്തനം പൂർത്തിയായി.
ആദ്യഘട്ടത്തിൽ വിദഗ്‌ധരുടെ സഹായത്തോടെയാണ് പ്ലാന്റ് പ്രവർത്തിക്കുക. നിലവിലെ ജീവനക്കാർക്കും പരിശീലനം നൽകും. രണ്ടാംഘട്ടം സൂപ്പർ കപ്പാസിറ്ററുകളുടെ സാങ്കേതിക വികസനത്തിനുള്ള ഗവേഷണവും തുടർപ്രവർത്തനവുമാണ് നടക്കുക. പൂർണതോതിൽ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദനം അടുത്ത വർഷം തുടങ്ങും.
നിലവിൽ, രാജ്യത്ത് വാണിജ്യാവശ്യത്തിനുളള സൂപ്പർ കപ്പാസിറ്ററുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണ്. ബഹിരാകാശ പര്യവേക്ഷണം, പ്രതിരോധ ആവശ്യങ്ങൾ എന്നിവയ്‌ക്ക് ഇത്തരം കപ്പാസിറ്ററുകളാണ് ഉപയോഗിക്കുന്നത്. ഇലക്‌ട്രിക് വാഹന നിർമാണത്തിനും സൂപ്പർ കപ്പാസിറ്ററുകൾ ആവശ്യമാണ്. കുറഞ്ഞ സമയംകൊണ്ട് ഇലക്‌ട്രോലിറ്റിക് കപ്പാസിറ്ററുകളേക്കാൾ പത്തുമുതൽ നൂറിരട്ടിവരെ ഊർജം സംഭരിക്കാൻ സൂപ്പർ കപ്പാസിറ്ററുകൾക്കാകും. റീചാർജബിൾ ബാറ്ററികളേക്കാൾ കൂടുതൽ തവണ ഊർജം ചാർജ് ചെയ്യാനും ഡിസ്‌ചാർജ് ചെയ്യാനും ഇവയ്‌ക്ക് സാധിക്കും.