മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിക്ക് മദര്‍ ബേബി ഫ്രണ്ട്‌ലി ഇനിഷ്യേറ്റീവ് ഹോസ്പിറ്റല്‍ അംഗീകാരം

Share our post

മാങ്ങാട്ടുപറമ്പ്: ഇ. കെ നായനാര്‍ സ്മാരക ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായുള്ള മദര്‍ ബേബി ഫ്രണ്ട്ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവ് (എം ബി എഫ് എച്ച് ഐ )അംഗീകാരം ലഭിച്ചു. ദേശീയ ആരോഗ്യ ദൗത്യം നിഷ്‌കര്‍ഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് 95.66 ശതമാനം മാര്‍ക്കോടെയാണ് അംഗീകാരം നേടിയത്. ആഗസ്റ്റ് രണ്ടിന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

കുട്ടികള്‍ക്ക് മുലപ്പാല്‍ നല്‍കുന്നതിലൂടെ ഉണ്ടാകുന്ന ശാരീരികവും വൈകാരികവുമായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും ഗര്‍ഭകാലം മുതല്‍ അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന് അമ്മക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ് പദ്ധതി. പൊതു, സ്വകാര്യ ആശുപത്രികളില്‍ പ്രസവശേഷം മുലപ്പാല്‍ ഉറപ്പാക്കുന്നതിനും അതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ഇതിനായി യുനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടിന്റെയും ലോകാരോഗ്യ സംഘടനയുടെയും ആഗോള ബേബി-ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ ഇനിഷ്യേറ്റീവില്‍ (ബിഎഫ്എച്ച്‌ഐ) നിന്ന് സ്വീകരിച്ച പത്ത് മാര്‍ഗനിര്‍ദേശങ്ങളാണ് നല്‍കുന്നത്. ഇവ നടപ്പിലാക്കിയാലാണ് ആരോഗ്യ വകുപ്പ് അംഗീകാരം നല്‍കുന്നത്.

ആ നേട്ടമാണിപ്പോള്‍ മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി കരസ്ഥമാക്കിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് കൃത്രിമ പാല്‍ നല്‍കുന്നതിനെയോ അതിനായി പ്രേരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെയോ ആശുപത്രി പ്രോത്സാഹിപ്പിക്കുന്നില്ല. പരമാവധി മുലപ്പാല്‍ തന്നെ ഉറപ്പ് വരുത്താനാണ് പദ്ധതിയുടെ ലക്ഷ്യം.

ജില്ലാ കലക്ടര്‍ ചെയര്‍മാനായിട്ടുള്ള ആശുപത്രി വികസന സൊസൈറ്റിയും ആന്തൂര്‍ നഗരസഭയുമാണ് ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ശിശുരോഗ വിഭാഗം മേധാവി ഡോ. കെ .സി രാജീവന്‍, എം.ബി.എഫ്എച്‌.ഐ നോഡല്‍ ഓഫീസര്‍ ഡോ. ബി. സന്തോഷ്, സ്ത്രീരോഗ വിഭാഗത്തിലെ ഡോ. പി. ശോഭ, ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം പിആര്‍ഒ കെ സബിത, നഴ്സുമാര്‍ മറ്റു ജീവനക്കാര്‍ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ കൂടി ഫലമാണ് അംഗീകാരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!