രാത്രി പല വീടുകളിലും അജ്ഞാതൻ എത്തുന്നു, പേടിയുടെ കരിമ്പടം ചുറ്റി നാട്; ഒന്നിലധികം ആളുകൾ ഉണ്ടാകാമെന്ന് നാട്ടുകാർ

പ്രാപ്പൊയിൽ വെസ്റ്റ് : ‘നേരത്തേ രാത്രി 11.30 വരെ അങ്ങാടികളിൽ ആളുകളുണ്ടായിരുന്നു. ഇപ്പോൾ വൈകിട്ട് 6 ആകുമ്പോഴേക്കും വീട്ടിൽ നിന്നു വിളിവരും. സ്ത്രീകളും കുട്ടികളുമായിരിക്കും അങ്ങേതലയ്ക്കൽ. പേടിയോടെയായിരിക്കും വിളിക്കുന്നത്. കോവിഡ് കാലം പോലെയായി ജീവിതം’ അജ്ഞാതന്റെ വിളയാട്ടം വ്യാപകമായ പ്രാപ്പൊയിൽ ഭാഗത്തു പരിശോധന നടത്താനിറങ്ങിയ നാട്ടുകാരിലൊരാൾ പറഞ്ഞ വാക്കുകളാണിത്.
11 ദിവസമായി തുടരുന്ന ആശങ്ക, രാത്രി 9 മുതൽ പുലർച്ചെ 5.30 വരെ ഏതു വീടിന്റെ ജനലിലും ഭിത്തിയിലും അജ്ഞാതൻ സാന്നിധ്യമറിയിക്കാം. ആദ്യം കുടയും വസ്ത്രങ്ങളും മടക്കിവയ്ക്കുകയും ബൾബ് ഊരി വയ്ക്കുകയും ചെയ്തിരുന്നയാൾ ഇപ്പോൾ ബ്ലാക്ക്മാൻ എന്ന് എഴുതിവെച്ച ശേഷമാണ് മടങ്ങുന്നത്. വീടുകളിൽ കൗമാരക്കാർ പോലും ആശങ്കയിലാണെന്നു നാട്ടുകാർ പറയുന്നു.
ഒറ്റയ്ക്ക് കിടന്നിരുന്ന പലരും മാതാപിതാക്കളുടെ കൂടെയായി ഉറക്കം. വീടിന്റെ പരിസരത്തുനിന്നുള്ള ചെറിയ ശബ്ദത്തിൽ പോലും ആശങ്ക മുഴങ്ങുന്നു. അനാവശ്യമായി ടോർച് തെളിക്കരുത് എന്നാണ് തിരച്ചിൽ സംഘങ്ങൾക്കുള്ള പ്രധാന നിർദേശം. വീടിനടുത്തുള്ള പറമ്പിലെ ആ വെളിച്ചം മതി പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കാൻ എന്നതിനാലാണത്.
ഭയാന്തരീക്ഷം സൃഷ്ടിക്കുന്നത് അതിഥിത്തൊഴിലാളികളായിരിക്കാം എന്ന നിഗമനത്തിലായിരുന്നു തുടക്കത്തിൽ നാടും പൊലീസും. എന്നാൽ ഇംഗ്ലിഷിലും മലയാളത്തിലും ‘ബ്ലാക്ക്മാൻ’ എഴുത്ത് പ്രത്യക്ഷപ്പെട്ടതോടെ അന്വേഷണം പലവഴിക്കായി.
4 ദിവസത്തിലധികമായി പ്രദേശത്തെ യുവാക്കൾ രാത്രി മുതൽ പുലർച്ചെ 6 വരെ കാവൽ നിൽക്കുകയാണ്. എന്നാൽ തിരച്ചിൽ സംഘങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ കൃത്യമായി അജ്ഞാതൻ എത്തുന്നതിനാൽ ഒന്നിലധികം ആളുകൾ ഉണ്ടാകാം എന്ന നിഗമനത്തിലാണു നാട്ടുകാർ.
അജ്ഞാതന്റെ മറ ഇരുട്ട്
രാത്രി 8.30 മുതലുള്ള ഒരു മണിക്കൂറിൽ പ്രാപ്പൊയിൽ ഭാഗത്തു മാത്രം വൈദ്യുതി പോയത് പത്തിലേറെ തവണ. പകലും രാത്രിയും ഇടവേളകളില്ലാതെ വൈദ്യുതി മുടക്കം ഇവിടെ പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ഇരുപതിലധികം ജീവനക്കാരുള്ള ചെറുപുഴ സബ് സ്റ്റേഷനിൽ ഒട്ടേറെ തവണ പരാതി നൽകിയിട്ടും ഫലം കണ്ടിട്ടില്ല. തിരച്ചിൽ നടക്കുന്നതിനിടെ വൈദ്യുതി മുടങ്ങും. ആ ഇടവേളയിലാണ് പല വീടുകളിലും അജ്ഞാതൻ എത്തുന്നതെന്ന് തിരച്ചിലിലുള്ള യുവാക്കൾ ചൂണ്ടിക്കാണിക്കുന്നു.
തിരച്ചിൽ മുറുകും
സംഘങ്ങളായി തിരിഞ്ഞുള്ള തിരച്ചിൽ വ്യാപിപ്പിക്കാൻ ചെറുപുഴ എസ്എച്ച്ഒ: ടി..പി.ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും യോഗം തീരുമാനിച്ചിട്ടുണ്ട്. ഒറ്റ വാട്സാപ് ഗ്രൂപ്പ് വഴി തിരച്ചിൽ നിർദേശങ്ങൾ നൽകിയിരുന്നതിനു പകരം പരസ്പരം അറിയാവുന്നവർ ഉൾപ്പെടുന്ന ചെറുഗ്രൂപ്പുകളിലൂടെ വിവരങ്ങൾ പങ്കുവയ്ക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ലഭിച്ച സി.സി.ടി.വി ദൃശ്യം ഉപയോഗിക്കാനാവാതെ വന്ന സാഹചര്യത്തിൽ അങ്ങാടികളിലെ ക്യാമറകൾ റോഡിലേക്ക് സ്ഥാപിക്കാനും ദൃശ്യത്തിന്റെ വ്യക്തത ഉറപ്പ് വരുത്താനും തീരുമാനമായി.