രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം ആദ്യഘട്ടം ഈ വർഷം പൂർത്തിയാകും

മട്ടന്നൂർ: കല്യാട് പറമ്പിൽ ആരംഭിക്കുന്ന രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം ഈ വർഷം അവസാനത്തോടെ പൂർത്തിയാവും. നിർമാണ പ്രവർത്തനങ്ങൾ കെ.കെ.ശൈലജ എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു.
ഒന്നാം ഘട്ടത്തിൽ ആശുപത്രി, ലൈബ്രറി, താളിയോലകൾ വായിച്ചു മനസ്സിലാക്കാൻ മനുസ്‌ക്രിപ്റ്റ് കേന്ദ്രം, ഔഷധ സസ്യങ്ങളുടെ നഴ്സറി ബ്ലോക്ക്, ചുറ്റുമതിൽ, റോഡ് എന്നിവയാണ് നിർമിക്കുന്നത്. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ 40 ശതമാനത്തിലധികം പൂർത്തിയായി.
ആശുപത്രി ബ്ലോക്കിന്റെ കെട്ടിടത്തിന്റെ 3 നിലകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. എതിർവശത്തു നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്.
314 ഏക്കറാണ് ഗവേഷണ കേന്ദ്രത്തിനായി സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നാം ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. അക്കാദമിക്ക് ബ്ലോക്ക്, മ്യൂസിയം, റിസർച് സെന്റർ, താമസ സൗകര്യം എന്നിവയാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയാക്കുക.കിറ്റ്‌കോയാണ് പദ്ധതിയുടെ കൺസൽറ്റൻസിയായി നിയോഗിച്ചിരിക്കുന്നത്.
റവന്യു വകുപ്പിന്റെ 100 ഏക്കറിലധികം സ്ഥലവും സ്വകാര്യ വ്യക്തികളിൽ നിന്നു 200 ഏക്കർ സ്ഥലവും ഏറ്റെടുത്താണ് ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കിയത്. വിവിധ ഘട്ടങ്ങളിലായി 2 വർഷത്തിനുള്ളിൽ ഗവേഷണ കേന്ദ്രം പൂർണമായി പ്രവർത്തന സജ്ജമാക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
വൈദ്യുതി ലഭ്യത ഉറപ്പു വരുത്തുന്നതിനായി ഗവേഷണ കേന്ദ്രത്തോട് ചേർന്ന് 33 കെ വി സബ് സ്റ്റേഷൻ ആരംഭിക്കും. ഇതിനുള്ള രൂപരേഖയും ഉടനെ തയാറാക്കും. രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നവംബറിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനാണ് ശ്രമം.