കേരളത്തില്‍ മേല്‍പ്പാല ടൂറിസം വ്യാപിപ്പിക്കും- മന്ത്രി റിയാസ്

മേല്‍പ്പാലങ്ങള്‍ കേന്ദ്രമാക്കി വിനോദസഞ്ചാരം വികസിപ്പിക്കുന്നത് വ്യാപകമാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
പ്രഥമപദ്ധതിയെന്ന നിലയില്‍ കൊല്ലത്തും എറണാകുളത്തും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 2024-ഓടെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. വിനോദസഞ്ചാരവികസനത്തിന് ഭൂമിയുടെ കുറവ് പ്രശ്നമാണ്.
അതു പരിഹരിക്കാന്‍ മേല്‍പ്പാലങ്ങളുടെ താഴെയുള്ള ഒഴിഞ്ഞസ്ഥലങ്ങള്‍ ഉപയോഗിക്കുകയാണ് പദ്ധതി.ഇത്തരം സ്ഥലങ്ങള്‍ ഷട്ടില്‍, ടെന്നീസ്, ടര്‍ഫ് കോര്‍ട്ടുകളാക്കി മാറ്റും. വയോധികര്‍ക്കുള്ള വിശ്രമപാര്‍ക്കായും വികസിപ്പിക്കും.
മേല്‍പ്പാലങ്ങള്‍ ദീപാലംകൃതമാക്കി ആകര്‍ഷകമാക്കുന്നതിന്റെ ഭാഗമായി ഫറോക്ക്പാലം അലങ്കരിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
റസ്റ്റ്ഹൗസ് വരുമാനം ഒമ്പതു കോടിയോളം
റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തതിന്റെ ഭാഗമായി ഇന്നോളം സംസ്ഥാനത്തിന് 8.81 കോടിരൂപ വരുമാനം ലഭിച്ചതായി മന്ത്രി പറഞ്ഞു. ഇതുകാരണം പൊതുമരാമത്ത്, ടൂറിസംവകുപ്പുകള്‍ക്ക് ഗുണമുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി മുറിയെടുക്കുന്നവര്‍ക്ക് റസ്റ്റ് ഹൗസിലെ മുറികള്‍ വലിയ ലാഭവും നല്‍കുന്നു.
മലപ്പുറം ജില്ലയില്‍ 10831 പേര്‍ ഓണ്‍ലൈനായി ഇക്കാലയളവില്‍ മുറി ബുക്കുചെയ്തിട്ടുണ്ട്. 59,99,968 രൂപയാണ് ഇവിടത്തെ മാത്രം വരുമാനമെന്ന് മന്ത്രി പറഞ്ഞു.