വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം

ആറളം: വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം. പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിൽ വിനോദ സഞ്ചാരികളുടെ യാത്രയിൽ ഇടത്താവളമായി മാറുകയാണ് മുട്ടുമാറ്റി – കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയോരം.
പരിസ്ഥിതി വിനോദ സഞ്ചാര കേന്ദ്രമായ ആറളം വന്യജീവി സങ്കേതത്തിലേക്കും, രാമച്ചിയിലേക്കും, പാലുകാച്ചി മല ഇക്കോ ടൂറിസം മേഖലയിലേക്കും പോകുന്ന വഴി മുട്ടുമാറ്റി പ്രദേശത്താണ് ജലസമൃദ്ധമായ ചീങ്കണ്ണിപ്പുഴയോരം.
ദിനേന നിരവധി പ്രകൃതി – പരിസ്ഥിതി സ്നേഹികളാണ് ഇവിടേക്ക് എത്തുന്നത്. പുഴയിൽ സൗകര്യപ്രദമായ കുളിക്കടവും കൂടിയാണീ സ്ഥലം. പ്രദേശവാസികൾ കുളിക്കാനും നീന്തൽപഠിക്കാനും ഇവിടെ ആശ്രയിച്ചു വരുന്നു.
തടാകസമാനമായ ഈ ജലാശയം ദൂരദിക്കുകളിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുക. പുഴയുടെ മറുകരയിൽ ആറളം വനത്തിൽ നിന്ന് കടന്നെത്തുന്ന ആനകളുടെയും, മാനുകളുടെയും ദൃശ്യങ്ങളും അപൂർവ്വ കാഴ്ച്ചകളാകാറുണ്ട്.ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പ്രദേശത്ത് അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതികളാവിഷ്കരിക്കാൻ നടപടികളായിട്ടുണ്ട്.