ചെണ്ടയിൽ ഇനി പായത്തിന്റെ വാദ്യവിസ്‌മയം

ഇരിട്ടി : ജില്ലയിൽ ആദ്യത്തെ ആദിവാസി നാസിക് ഡോൾ ബാൻഡ് ട്രൂപ്പിന് പിന്നാലെ പായത്ത്‌നിന്ന് മേളപ്പെരുക്കം തീർക്കാൻ പായം ചെണ്ടവാദ്യ സംഘവും. കോണ്ടമ്പ്ര ആദിവാസി ഊരുകൂട്ടത്തിലെ ഇരുപതും പൊതുവിഭാഗത്തിൽനിന്ന് നാല് പേരുമടക്കം 24 പേരടങ്ങുന്ന സംഘമാണ് ചെണ്ടയിൽ വാദ്യവിസ്മയം തീർക്കാനിറങ്ങുന്നത്.
നാല് വർഷം മുമ്പാണ് നാസിക് ഡോൾ ബാൻഡ് കൊട്ടി കോണ്ടമ്പ്രയിൽ ആദിവാസി യുവത അരങ്ങിലെത്തിയത്. സി.പി.ഐ.എം 23ാം പാർടി കോൺഗ്രസ് സമാപനത്തിനടക്കം കോണ്ടമ്പ്ര സംഘത്തിന്റെ ഉശിരൻ ഡോൾ മേളം ആവേശമായി. ഇവർക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് സഹായത്തിൽ ആറളം ചെടിക്കുളം ഊരുകൂട്ടത്തിലെ ആദിവാസി സംഘവും ഡോൾ ബാൻഡിൽ മികവിന്റെ മുഴക്കംതീർത്ത് മുന്നേറുകയാണ്.
ആറുമാസത്തെ പരിശീലനം നേടിയാണ് പായം വാദ്യസംഘം അരങ്ങുണർത്താൻ സജ്ജമായത്. ആദിവാസി–പൊതു സമൂഹത്തിലെ സമ്മിശ്ര കലാസംഘമെന്ന സവിശേഷതയോടെയാണ് ചെണ്ടമേളക്കാർ ഇനി പൊതുവേദികളിലെത്തുന്നത്.
പാലപ്പുഴയിലെ വിഷ്ണു ആശാനാണ് മേളം പരിശീലിപ്പിച്ചത്. 13 വനിതകളും ട്രൂപ്പിലുണ്ട്. സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ കെ. രമേശനാണ് മേളക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകി അരങ്ങിലെത്തിച്ചത്. ചെണ്ടകൾ കൂടി സ്വന്തമായി സംഘടിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സംഘം. നിലവിൽ ചെണ്ട വാടകയ്‌ക്കെടുത്താണ് അവതരണം. ഓണാഘോഷത്തെ കൊട്ടിയുണർത്താനുള്ള പുറപ്പാടിലാണ് പായം കോണ്ടമ്പ്രയിലെ ചെണ്ട വാദ്യമേളക്കാർ.