ഇങ്ങനെ പോയാൽ മുഴപ്പിലങ്ങാട് ബീച്ച് മുങ്ങും

Share our post

മുഴപ്പിലങ്ങാട്: തിരയടിച്ച് കയറ്റുന്നതും കമ്പ വലയിൽ കുടുങ്ങി കരയിലേക്ക് വരുന്നതുമായ മാലിന്യങ്ങൾ മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ നിറയുന്നു. ബീച്ചിൽ ഒരു ദിവസം നടന്ന് ശുചീകരിച്ചാൽ പോലും തീരാത്തത്ര മാലിന്യമാണ് ഇവിടെ.

ഇതു കാരണം ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് കഠിന പ്രയത്നമാണ് ചെയ്യേണ്ടിവരുന്നത്. വലയിൽ ഖരമാലിന്യങ്ങളടക്കമുള്ളവ കുടുങ്ങി വല പൊട്ടുന്നത് കൊണ്ട് മത്സ്യത്തൊഴിലാളികളും വലയുകയാണ്.

തോട്ടിലും പുഴയിലും അടക്കമുള്ള ജലാശയങ്ങളിൽ തള്ളുന്ന മാലിന്യങ്ങളാണ് കടലിൽ എത്തിച്ചേർന്ന് കടലിന്റെയും തീരത്തിന്റെയും ആവാസ വ്യവസ്ഥയ്ക്ക് തകരാർ ഉണ്ടാക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. മുഴപ്പിലങ്ങാട് നേരിട്ട് ചേരുന്ന അഞ്ചരക്കണ്ടി പുഴയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളൽ രൂക്ഷമാണ്. വേനലിൽ പുഴയുടെ വിവിധ സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നതും മഴക്കാലത്ത് കുത്തിയൊലിച്ച് പോകുന്നതും പതിവ് കാഴ്ചകളാണ്.

പുഴയുടെ കൈവഴികളായ തോടുകളിലും നീർച്ചാലുകളിലും പ്ലാസ്റ്റിക് കുപ്പികൾ കെട്ടിക്കിടക്കുന്നതും വേനലിലെ പതിവ് കാഴ്ചകളാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ബീച്ചാണ് മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്. സന്ദർശകർ തള്ളുന്ന മാലിന്യങ്ങളും തീരത്തിന്റെ പ്രതിസന്ധിയാണ്.

കടൽ മലിനീകരണത്തിന് 60–95 ശതമാനം വരെ കാരണമാകുന്നത് പ്ലാസ്റ്റിക്കാണെന്നും ഓരോ മിനിറ്റിലും ഓരോ ട്രക്കിനു തുല്യമായ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിലെത്തുന്നുണ്ടെന്നുമാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്ലാസ്റ്റിക് അകത്തു ചെന്ന് പ്രതിവർഷം 10 ലക്ഷം കടൽ പക്ഷികൾ ചത്തു വീഴുന്നു.

ചത്തു വീഴുന്ന കടൽ പക്ഷികളിൽ 60 ശതമാനത്തിന്റെ ശരീരത്തിലും പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം കാരണം എഴുനൂറോളം കടൽ ജീവി വർഗങ്ങൾ വംശനാശ ഭീഷണിയിലാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് ചത്ത നിലയിൽ ഡോൾഫിനെ കണ്ടെത്തിയിരുന്നു.

ജോലിക്ക് കൂലി വേണ്ടേ?

ഡ്രൈവ് ഇൻ ബീച്ചിൽ നിന്ന് ദിവസവും കൊട്ടക്കണക്കിന് മാലിന്യങ്ങൾ മാറ്റി തീരം വൃത്തിയാക്കുന്ന ബീച്ച് ശുചീകരണ തൊഴിലാളികൾക്ക് വേതനം ലഭിച്ചിട്ട് 4 മാസമായി. ഡ്രൈവ് ഇൻ ബീച്ചിന്റെ എടക്കാട് മുതൽ മുഴപ്പിലങ്ങാട് വരെ ബീച്ച് ശുചീകരണ തൊഴിലാളികളായി 16 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. ഡി.ടി.പി.സി നിയമിച്ച ഇവർക്ക് കുടുംബശ്രീ വഴിയാണ് വേതനം നൽകുന്നത്. ഒരു ദിവസത്തെ വേതനം 450 ആണ്.

ഏപ്രിൽ മുതൽ വേതനം ലഭിക്കാത്തതിനെ തുടർന്ന് ഇവർ പല തവണ പരാതിപ്പെട്ടെങ്കിലും നടപടിയില്ല. 3 കിലോ മീറ്ററോളം ഉള്ള ബീച്ചിലെ മാലിന്യക്കൂമ്പാരങ്ങൾ മാറ്റുന്ന ഈ തൊഴിലാളികൾ നിത്യ ചെലവിന് പോലും കഷ്ടപ്പെടുകയാണ്. ഓണത്തോടനുബന്ധിച്ചെങ്കിലും തങ്ങൾക്ക് ലഭിക്കാനുള്ള വേതനം തന്ന് തീർക്കണമെന്നാണ് ഇവരുടെ അഭ്യർഥന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!