കണ്ണൂരിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം പൂർത്തിയായി; 2000 വീട്ടുകാർക്ക് പ്രയോജനപ്പെടും

കണ്ണൂർ : കോർപ്പറേഷൻ മഞ്ചപ്പാലത്ത് നിർമിക്കുന്ന മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പണി പൂർത്തിയായി. പ്ലാന്റിലേക്കുള്ള മെയിൻ പൈപ്പ് ലൈനിലേക്ക് വീടുകളിൽനിന്നും കടകളിൽനിന്നുമുള്ള പൈപ്പ് സ്ഥാപിക്കുന്ന പണിമാത്രമാണ് ബാക്കിയുള്ളത്. ഇതുകൂടി പൂർത്തിയാക്കി ഓഗസ്റ്റ് അവസാനം പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
വൈദ്യുതി കണക്ഷൻ കിട്ടിയാലുടൻ പ്രവർത്തനം പരിശോധിച്ച് ഉദ്ഘാടനം നടത്താനാണ് കോർപ്പറേഷന്റെ തീരുമാനം. പ്ലാന്റ് പ്രവർത്തനസജ്ജമാകുന്നതോടെ നഗരത്തിലെ മലിനജലപ്രശ്‌നത്തിന് ഒരുപരിധിവരെ പരിഹാരമാകും. മഞ്ചപ്പാലത്തുള്ള കോർപ്പറേഷന്റെ 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിർമിച്ചത്.
ലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാം
23.6 കോടി രൂപ ചെലവഴിച്ച് ഒന്നരവർഷത്തോളമെടുത്താണ് പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കിയത്. ദിവസേന 10 ലക്ഷം ലിറ്റർ മലിനജലം ഇതിലൂടെ ശുദ്ധീകരിക്കാനാകും. കോർപ്പറഷന്റെ കാനത്തൂർ, താളിക്കാവ് ഡിവിഷനുകളെ ബന്ധിപ്പിച്ചാണ് പ്ലാന്റ് ഒരുക്കുന്നത്.
ഇവിടെയുള്ള 2000 വീട്ടുകാർക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. ഇതിനുപുറമേ കാംബസാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ മലിനജലവും ശുദ്ധീകരിക്കും.
വീടുകളിൽനിന്നും കടകളിൽനിന്നുമുള്ള മലിനജലം പൈപ്പ്‌ലൈൻ വഴി പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് കടലിലേക്ക് ഒഴുക്കും. ഇതിനായി 13 കിലോമീറ്ററോളം പൈപ്പ് ലൈൻ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമെ നിർമാണം, തോട്ടം നനയ്ക്കൽ എന്നീ ആവശ്യങ്ങൾക്കും ശുദ്ധീകരിച്ച വെള്ളം ഉപയോഗിക്കാനാകും.
പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിച്ചതിന് കോർപ്പറേഷന് ഏറെ പഴികേട്ടിരുന്നു. മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ പൈപ്പ് സ്ഥാപിക്കാനായി നഗരത്തിലെ തിരക്കേറിയ പല റോഡുകളും വെട്ടിപ്പൊളിച്ചിരുന്നു. ഇത് ഏറെക്കാലം അറ്റകുറ്റപ്പണി നടത്താത്തത് പ്രക്ഷോഭങ്ങൾക്കും ഇടയാക്കി. പിന്നീട് റോഡുകളുടെ ടാറിടൽ വേഗത്തിൽ പൂർത്തിയാക്കിയെങ്കിലും മഴ തുടങ്ങിയതോടെ കുഴിയെടുത്ത ഭാഗങ്ങൾ താഴ്ന്ന് റോഡുകൾ ചെളിക്കുളമായി. ഇവിടെ താത്കാലികമായി കല്ലും മണ്ണുമിടുക മാത്രമാണ് ഇപ്പോൾ ചെയ്തിട്ടുള്ളത്.