രണ്ടാഴ്ചമുമ്പ് വിവാഹപ്പന്തല്‍ കെട്ടിയ അതേ മുറ്റത്ത് മരണപ്പന്തല്‍; അവര്‍ ഒരേ മണ്ണിലുറങ്ങി

കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക് കബറടക്കി.
കണ്ണീര്‍ തോരാതെ നൗഫിയയുടെ വീട്
ആയൂര്‍: നൗഫിയയുടെ വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നാടാകെയെത്തി. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് ദമ്പതിമാരുടെ മൃതദേഹവുമായി ആംബുലന്‍സ് വീട്ടിലെത്തിയത്.
നൗഫിയയുടെ പിതാവ് നൗഷാദ് വെല്‍ഡിങ് തൊഴിലാളിയാണ്. മകളുടെ വിവാഹത്തിനായി വീടും സ്ഥലവും വിറ്റിരുന്നു.
പിന്നീട് ചെറിയ വെളിനല്ലൂരില്‍ അല്പം ഉള്ളിലേക്കു മാറി പത്തുസെന്റ് സ്ഥലം വാങ്ങി. പ്രദേശവാസികള്‍ക്ക് ഏറെ പ്രിയപ്പെട്ട നൗഫിയയുടെ വേര്‍പാട് സഹപാഠികളെയും കണ്ണീരിലാഴ്ത്തി. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാവിഷയങ്ങള്‍ക്കും എപ്ലസ് നേടി വിജയിച്ച നൗഫിയ നാടിനും അഭിമാനമായിരുന്നു. അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജില്‍ അവസാനവര്‍ഷ സുവോളജി ഡിഗ്രി വിദ്യാര്‍ഥിനിയാണ്. പത്താംക്ലാസ് വിദ്യാര്‍ഥിനി നജിമയാണ് നൗഫിയയുടെ സഹോദരി.
മുങ്ങിമരിച്ച മൂന്നുപേരുടെയും മൃതദേഹം കബറടക്കി
കിളിമാനൂര്‍: ഇത്തിക്കരയാറില്‍ പള്ളിക്കല്‍പ്പുഴ താഴെഭാഗം കടവില്‍ ശനിയാഴ്ച വൈകീട്ട് കാണാതായ നവദമ്പതിമാരുടെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ വീട്ടില്‍ സിദ്ധിഖ്(27), ഭാര്യ നൗഫിയ നൗഷാദ് എന്നിവരുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്.
ഇവര്‍ക്കൊപ്പം പുഴയിലകപ്പെട്ട ബന്ധു പകല്‍ക്കുറി ഇടവേലിക്കല്‍ പുത്തന്‍വീട്ടില്‍ അന്‍സല്‍ഖാന്റെ (21) മൃതദേഹം ശനിയാഴ്ച രാത്രിതന്നെ കണ്ടെത്തിയിരുന്നു.
അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ ഡൈവിങ് ടീമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദമ്പതിമാരെ കാണാതായ കടവിനു താഴ്ഭാഗത്തു നിന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. രാവിലെ 7.30-ന് നൗഫിയയുടെയും എട്ടുമണിയോടെ സിദ്ധിഖിന്റെയും മൃതദേഹങ്ങള്‍ കിട്ടി.
ശനിയാഴ്ച രാത്രിയോടെയെത്തിയ സ്‌കൂബാ ടീം ഇരുവര്‍ക്കുമായി ഞായറാഴ്ച പുലര്‍ച്ചെ മൂന്നരവരെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് വീണ്ടും തിരച്ചില്‍ തുടങ്ങിയത്. പുഴയിലെ പാറക്കെട്ടും ആഴക്കയങ്ങളും ഇരുട്ടും രാത്രിയിലെ അന്വേഷണത്തിനു തടസ്സമായിരുന്നു.
സിദ്ധിഖിന്റെയും നൗഫിയയുടെയും വിവാഹം ഈ മാസം 16-നാണ് നടന്നത്. മരിച്ച അന്‍സല്‍ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു ദമ്പതിമാര്‍. വൈകീട്ട് നാലിന് രണ്ട് ബൈക്കുകളിലായി അന്‍സലും ദമ്പതിമാരും പുഴകാണാനും ഫോട്ടോയെടുക്കാനുമായിട്ടാണ് താഴെഭാഗം കടവില്‍ എത്തിയത്.
ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാവാം മൂവരും പുഴയില്‍ മുങ്ങിയതെന്ന് കരുതുന്നു.
പുഴയില്‍ വലയിടാനെത്തിയ പ്രദേശവാസി പുഴക്കരയില്‍ ബൈക്കും ചെരിപ്പുകളും മാത്രം കണ്ടതിനെത്തുടര്‍ന്നുണ്ടായ സംശയത്തിലാണ് അന്വേഷണം തുടങ്ങിയത്.
പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിച്ച മൃതദേഹങ്ങള്‍ പോലീസ് നടപടികള്‍ക്കും പരിശോധനയ്ക്കുംശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അന്‍സല്‍ഖാന്റെ മൃതദേഹം വീട്ടിലെത്തിച്ചശേഷം മൂതല താഴെഭാഗം മസ്ജിദ് കബറിസ്താനില്‍ കബറടക്കി.
സൈനുലാബ്ദീന്‍-ഹസീന ദമ്പതിമാരുടെ മകനായ അന്‍സില്‍ഖാന്‍ ഗള്‍ഫിലേക്ക് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആഷ്നയാണ് സഹോദരി.
പാറക്കൂട്ടങ്ങൾ, ഇടയിൽ കയം; പള്ളിക്കൽപ്പുഴനിറയെ അപകടം
കിളിമാനൂർ : ഏറെ വിസ്തൃതമല്ലെങ്കിലും നിറഞ്ഞ പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ പതഞ്ഞൊഴുകുന്ന ഭംഗി കൊണ്ട് ആരെയും ആകർഷിക്കുന്നതാണ് ഇത്തിക്കരയാറിന്റെ വിവിധ ഭാഗങ്ങൾ. ഇതിൽ പള്ളിക്കൽപ്പുഴ, കല്ലടത്തണ്ണി, വട്ടത്തിലാർ ഭാഗങ്ങളിൽ നിറയെ ആഴക്കയങ്ങളും പാറക്കൂട്ടങ്ങളുമായി വൻ അപകടസാധ്യതയാണ്. ഒട്ടേറെപ്പേർ ഇവിടെവീണ് മരിച്ചിട്ടുണ്ട്.
പള്ളിക്കൽപ്പുഴ താഴെഭാഗം കടവിൽ മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം മൂന്നുപേരാണ് ശനിയാഴ്ച വൈകീട്ട് മുങ്ങിത്താണ് ജീവനറ്റത്. മൂന്നുവർഷം മുൻപ് പുഴ കാണാനെത്തിയ രണ്ട് വിദ്യാർഥികൾ മരിച്ചതായിരുന്നു ഇതിനുമുൻപ് നടന്ന അപകടം. ഇതിനടുത്തായി കല്ലടത്തണ്ണിയിൽ മേയ് 16-ന് കൂട്ടുകാരുമായി പുഴ കാണാനെത്തിയ ലോ കോളേജ് വിദ്യാർഥിനി കിളിമാനൂർ സ്വദേശിനിയായ മീനു തുളസീധരൻ (19) പുഴയിൽ വീണ് മരിച്ചു.
നിറഞ്ഞ പാറക്കൂട്ടങ്ങൾക്കിടയിലുള്ള ആഴക്കയങ്ങളാണ് ഇവിടത്തെ പ്രധാന അപകടം. അടുത്തടുത്തായുള്ള പാറക്കൂട്ടങ്ങളിലേക്ക് ചാടിച്ചാടി പോകാനുള്ള ശ്രമങ്ങളിലാണ് യുവാക്കളിൽ ഏറെയും പുഴയിൽ വീണുപോകുന്നത്. വർഷങ്ങൾക്കുമുൻപ് ഇവിടം പ്രധാന മണലൂറ്റ് കേന്ദ്രമായിരുന്നു. വൻ കയങ്ങൾ രൂപപ്പെടാൻ അനിയന്ത്രിതമായ മണലൂറ്റ് പ്രധാന കാരണമായി. കൊല്ലം ജില്ലയിലൂടെയാണ് പുഴ ഒഴുകുന്നത്. തിരുവനന്തപുരം ജില്ലയുമായി പള്ളിക്കൽ പഞ്ചായത്തിലാണ് അതിർത്തി പങ്കിടുന്നത്. ഇവിടെ ചടയമംഗലം, വെളിനെല്ലൂർ പഞ്ചായത്തുകളിലൂടെയാണ് പുഴ ഒഴുകുന്നത്.