ഫോട്ടോ എടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

തിരുവനന്തപുരം: ഫോട്ടോയെടുക്കുന്നതിനിടെ പുഴയില്‍ വീണ് കാണാതായ നവദമ്പതിമാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കൊല്ലം കടയ്ക്കല്‍ കുമ്മിള്‍ ചോനാംമുകളില്‍ പുത്തന്‍വീട്ടില്‍ സിദ്ധിഖ്(28), ഭാര്യ ആയൂര്‍ അര്‍ക്കന്നൂര്‍ കാരാളിക്കോണം കാവതിയോട് പച്ചയില്‍ നൗഫിയ നൗഷാദ്(21) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഇവരുടെ കൂടെ അപകടത്തില്‍പ്പെട്ട ബന്ധുവിന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പള്ളിക്കല്‍ പകല്‍ക്കുറി ഇടവേലിക്കല്‍ സൈനുലാബ്ദീന്റെ മകന്‍ അന്‍സല്‍ ഖാന്‍(19) ആണ് ദമ്പതിമാരെ കൂടാതെ മരിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. പുഴകാണാനെത്തിയ ദമ്പതിമാരും ബന്ധുവും ഇത്തിക്കരയാറില്‍ പള്ളിക്കല്‍ താഴേഭാഗം കടവിലാണ് വീണത്. തിരച്ചിലിനിടെ അന്‍സല്‍ ഖാനെ ശനിയാഴ്ച തന്നെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായിരുന്നില്ല.
അന്‍സല്‍ഖാന്റെ വീട്ടില്‍ വിരുന്നിനെത്തിയ ദമ്പതിമാര്‍ വൈകീട്ട് നാലുമണിയോടെയാണ് പുഴകാണാനും ഫോട്ടോ എടുക്കാനുമായി കടവിലെത്തിയത്. അഞ്ചരയോടെ ഈ ഭാഗത്ത് വലയിടാനെത്തിയ പ്രദേശവാസി പുഴവക്കില്‍ ചെരിപ്പുകളും രണ്ട് ബൈക്കും കണ്ടു.
സംശയംതോന്നിയ ഇയാള്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഏഴരയോടെ അന്‍സല്‍ഖാനെ പുഴയില്‍നിന്നു പുറത്തെടുത്ത് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 16-നാണ് സിദ്ദിഖിന്റെയും നൗഫിയയുടെയും വിവാഹം കഴിഞ്ഞത്.
അപകടമുണ്ടായ താഴെ ഭാഗം കടവ് പതിവ് അപകട മേഖലയാണ്. ഇവിടത്തെ കയത്തില്‍ നിരവധി ജീവന്‍ പൊലിഞ്ഞിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
വൈകുന്നേരം ആറ്റില്‍ വലയിടാനെത്തിയ പ്രദേശവാസി കരയില്‍ക്കണ്ട ഇരുചക്രവാഹനങ്ങളും ചെരിപ്പുകളുമാണ് അപകടമുണ്ടായെന്ന സംശയത്തിലേക്കെത്തിച്ചത്.ഫോട്ടോ എടുക്കുന്നതിനിടെ പുഴയിലേക്കു വീണയാളെ രക്ഷിക്കാനുള്ള ശ്രമത്തിലാവാം മറ്റുള്ളവരും വീണതെന്ന് കരുതുന്നു.