ടാക്‌സി വിളിക്കാന്‍ പണമില്ല, പ്രസവ വേദനയുമായി ബസ് യാത്ര;കാരുണ്യത്തിന്റെ ഡബിള്‍ബെല്ലുമായി ജീവനക്കാര്‍

‘രേവതി’ ബസില്‍ മുഴങ്ങിയ കാരുണ്യത്തിന്റെ ഡബിള്‍ ബെല്ലില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതിക്ക് സുഖപ്രസവം.
ടാക്‌സി വാഹനത്തിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ സ്വകാര്യ ബസില്‍ യാത്രചെയ്യേണ്ടിവന്ന പൂര്‍ണ ഗര്‍ഭിണിയായ റംസീനയെ ബസ് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് സുരക്ഷിതയായി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി അധികംവൈകാതെത്തന്നെ റംസീന സുഖപ്രസവത്തിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എഴു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്-മുക്കം റൂട്ടിലോടുന്ന രേവതി ബസിലെ ഡ്രൈവര്‍ നൗഫല്‍, കണ്ടക്ടര്‍ അക്ഷയ്, ക്ലീനര്‍ രാഹുല്‍ എന്നിവരുടെയും ബസിലെ യാത്രക്കാരുടെയും നന്മയാണ് അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ചത്. പ്രസവ വേദന കലശലായതിനെത്തുടര്‍ന്നാണ് റംസീന, അഞ്ചു വയസ്സുകാരനായ മൂത്ത മകനും രണ്ടുസഹോദരിമാര്‍ക്കുമൊപ്പം ആശുപത്രിയില്‍ പോകാനായി കെട്ടാങ്ങലില്‍നിന്ന് ബസില്‍ കയറിയത്. ഭര്‍ത്താവ് ആരിഫ് ബൈക്കില്‍ നേരത്തേ ആശുപത്രിയിലേക്ക് തിരിച്ചിരുന്നു.
പത്തു മിനിറ്റ് കഴിഞ്ഞ് കുന്ദമംഗലം എത്താറാകുമ്പോഴേക്കും വേദനകൂടി. എന്തു ചെയ്യണമെന്നറിയാതെ റംസീന പൊട്ടിക്കരഞ്ഞതോടെ ബസിലെ മറ്റുയാത്രക്കാര്‍ ബസ് ജീവനക്കാരെ വിവരം ധരിപ്പിച്ചു. ഇതോടെ കുന്ദമംഗലംമുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ഒരു സ്റ്റോപ്പിലും നിര്‍ത്താതെ ബസ് ആശുപത്രിയിലേക്ക് കുതിച്ചു.
ആശുപത്രിയിലേക്ക് സ്വകാര്യ ബസ് കുതിച്ചുവരുന്നത് കണ്ടവരെല്ലാം വഴിയൊരുക്കി. ആശുപത്രി ജീവനക്കാരും യാത്രക്കാരും റംസീനയെ താങ്ങിയെടുത്ത് ആശുപത്രിക്ക് അകത്തേക്ക് കൊണ്ടുപോയി. ഇതിനിടയില്‍ യാത്രക്കാരിലൊരാള്‍ ചെറിയൊരു തുക റംസീനയ്ക്ക് നല്‍കി. ബസിലെ യാത്രക്കാര്‍ക്കിടയില്‍നിന്ന് പിരിച്ചെടുത്ത തുകയായിരുന്നു ഇത്. ആശുപത്രിച്ചെലവിന് അതും ഉപകരിച്ചു.
ആശുപത്രിയിലെത്തിച്ച് പത്തുമിനിറ്റ് കഴിയുംമുമ്പ് റംസീന ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആ വാര്‍ത്തയെത്തുംമുമ്പേ ബസ് കോഴിക്കോട്ടേക്ക് യാത്രതിരിച്ചിരുന്നു.
റംസീനയ്ക്ക് രക്തത്തില്‍ അണുബാധയുണ്ടായിരുന്നതിനാല്‍ ചികിത്സയ്ക്ക് വലിയതുക ചെലവായിരുന്നു. ചികിത്സ നടക്കുന്നതിനാല്‍ ഭര്‍ത്താവ് മുഹമ്മദ് ആരിഫിന് ദിവസവും പണിക്കുപോവാനും കഴിയാതെയായി. തലേദിവസം പണിക്കുപോയി കിട്ടിയ 350 രൂപയുമായാണ് കുടുംബം ആശുപത്രിയിലേക്ക് പോയത്.
ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും കാരുണ്യഹസ്തം സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ റംസീനയ്ക്ക് സഹായവുമായി ചിലരെത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം ഡിസ്ചാര്‍ജായ ഇവര്‍ വീട്ടിലേക്ക് മടങ്ങി.