കണ്ണൂരിൽ കൂടുതൽ വികസന സംരംഭങ്ങൾ വരും: മുഖ്യമന്ത്രി

കണ്ണൂർ: കണ്ണൂരിൽ ഒട്ടേറെ വികസന സംരംഭങ്ങൾ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളത്തോടനുബന്ധിച്ച് ഐടി പാർക്കിനും സയൻസ് പാർക്കിനുംപുറമെ ഡിജിറ്റൽ സയൻസ് പാർക്കും വരുന്നുണ്ട്.
കൂടാതെ മറ്റ് ഒട്ടേറെ സംരംഭങ്ങൾകൂടി വരികയാണ്. അഴീക്കൽ തുറമുഖത്തിന്റെ വികസനം പൂർത്തിയാകുന്നതോടെ നാടിന്റെ പുരോഗതി വളരെ വലുതായിരിക്കും. കണ്ണൂർ–-കാസർകോട് ജില്ലകളിലാകെ വൻ വികസനത്തിനാണ് വഴിവയ്‌ക്കാൻ പോകുന്നതെന്നും കണ്ണൂർ വികസന സെമിനാറിനോടനുബന്ധിച്ച ഓപ്പൺ ഫോറം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ വിമാനത്താവള വികസനം പ്രതിസന്ധിയിലായതിന്റെ ഉത്തരവാദിത്വം മുൻ യുഡിഎഫ് സർക്കാരുകൾക്കാണ്. എൽ.ഡി.എഫ് സർക്കാർ തുടങ്ങിവച്ചതിൽനിന്ന് ഒരടിപോലും മുന്നോട്ടുപോകാതെ യു.ഡി.എഫ് കാലത്ത് പ്രവർത്തനം മുരടിപ്പിച്ചു. 2016ൽ എൽ.ഡി.എഫ് സർക്കാർ വന്നശേഷമാണ് വിമാന സർവീസ് ആരംഭിക്കാനായത്.
ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നായി ഉയർന്നിരിക്കുന്നു. പക്ഷേ, ഈ വിമാനത്താവളത്തിന് ആർജിക്കാൻ കഴിയാവുന്ന പുരോഗതി നേടാനാകുന്നില്ല. വിദേശ വിമാനസർവീസുകൾ നടത്തുന്നതിനുള്ള പോയന്റ് ഓഫ് കോൾ അനുവദിക്കാനാകില്ലെന്ന കേന്ദ്ര സർക്കാരിന്റെ പുതിയ നയമാണ് ഈ പ്രതിസന്ധിക്ക് കാരണം. അഞ്ചുവർഷം മുമ്പ് വിമാനമാനത്താവളം പൂർത്തിയായിരുന്നെങ്കിൽ ഈ നയം ബാധകമാകില്ലായിരുന്നു.
കേന്ദ്ര സർക്കാരാകട്ടെ തീർത്തും എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. തലതിരിഞ്ഞ ഈ നയം തിരുത്തിയേ പറ്റൂ. പോയന്റ് ഓഫ് കോൾ നൽകാനാകില്ലെന്ന് ആവർത്തിച്ച് പറയുന്നതിൽ ഒരു പ്രത്യേക മാനസികസുഖം അനുഭവിക്കുന്ന നിലയിലാണ് കേന്ദ്ര ഭരണാധികാരികളെന്നും മുഖ്യമന്ത്രി പറഞ്ഞു.