സൈക്കിള്‍ വാങ്ങാന്‍വെച്ച പണം സഹപാഠിയുടെ അമ്മയുടെ ചികിത്സയ്ക്ക് നല്‍കി മൂന്നാംക്ലാസുകാരന്‍

കാരാകുറിശ്ശി (പാലക്കാട്): ”സാറേ, സൈക്കിള്‍ പിന്നെ വാങ്ങാം. ആ അമ്മയുടെ ചികിത്സയ്ക്ക് ഇതു കൊടുക്കണം”- ഹുണ്ടികയുമായെത്തിയ മൂന്നാം ക്ലാസുകാരന്റെ വാക്കുകളായിരുന്നു ഇത്.
സൈക്കിള്‍ വാങ്ങാന്‍ സ്വരൂപിച്ച പണം സഹപാഠിയുടെ രക്ഷിതാവിന്റെ ചികിത്സയ്ക്കായി അധ്യാപകന് നല്‍കാനെത്തിയതായിരുന്നു അവന്‍. ഈ വിദ്യാര്‍ഥിയുടെ നല്ലമനസ്സിന് പി.ടി.എ.യുടെ വക പുതിയ സൈക്കിള്‍ സമ്മാനവും ലഭിച്ചു.
വാഴമ്പുറം എ.എം.യു.പി. സ്‌കൂളിലെ സഹപാഠിയുടെ അമ്മയുടെ ചികിത്സയ്ക്കായാണ് വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് ധനസമാഹരണം നടത്താന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികള്‍ അവരാല്‍ കഴിയുന്ന തുക എത്തിച്ചിരുന്നു.
ഇതിനിടയില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഉവൈസ് മുഹമ്മദ് താന്‍ നാണയത്തുട്ടുകളിട്ടുവെച്ച ഹുണ്ടികയുമായി സ്‌കൂളിലെത്തി.
പലപ്പോഴായി ലഭിച്ച നാണയങ്ങളായിരുന്നു കൂടുതലും. എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ 1,559 രൂപയുണ്ടായിരുന്നു.
സൈക്കിള്‍ എന്ന തന്റെ ആഗ്രഹം മാറ്റിവച്ച് സഹപാഠിയുടെ അമ്മയുടെ ചികിത്സയ്ക്ക് പണം നല്‍കാന്‍ തയ്യാറായ ഉവൈസിന്റെ മനസ്സിനെ അധ്യാപകര്‍ കൈയടിയോടെ സ്വീകരിച്ചു.
പിന്നീട് പി.ടി.എ. എസ്സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് ഉവൈസിന് സൈക്കിള്‍ വാങ്ങിനല്‍കുകയായിരുന്നു. പണക്കാടന്‍ വീട്ടില്‍ പി. ഉമ്മറിന്റെയും ഫസീലയുടെയും മകനാണ് ഉവൈസ്.
പി.ടി.എ. പ്രസിഡന്റ് പി.സി. ബഷീര്‍ സൈക്കിള്‍ കൈമാറി. വൈസ് പ്രസിഡന്റ് മനാഫ് സാഗര്‍, എക്‌സിക്യൂട്ടീവ് അംഗം എ.കെ. ഫൈസല്‍, പ്രധാനാധ്യാപകന്‍ എം. രാജന്‍, അലി അസ്‌കര്‍, മുഹമ്മദ് ഹനീഫ, നൗഷാദ് ബാബു തച്ചമ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.