‘ഇളം കള്ള് നല്ലരീതിയില്‍ കൊടുത്താല്‍ ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും’- മുഖ്യമന്ത്രി

കണ്ണൂര്‍: ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ നാടിനും ആ നാടിന്റേതായ സ്വന്തം ചില മദ്യങ്ങളുണ്ട്. അതില്‍പ്പെട്ടതാണ് കേരളത്തിന് കള്ളെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ പാട്യം ഗോപാലന്‍ പഠനഗവേഷണ കേന്ദ്രവും കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം മന്ത്രിസഭ അംഗീകരിച്ച മദ്യനയത്തെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലുള്ള റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ചെത്തിക്കഴിഞ്ഞ ഉടനെയുള്ള നാടന്‍ കള്ള് ലഭ്യമാക്കുക എന്ന് മദ്യനയത്തില്‍ തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
‘ചെത്തിക്കഴിഞ്ഞ് ഉടനെയുള്ള കള്ള്… അതിനെക്കുറിച്ച് അറിയാവുന്നവര്‍ക്കെല്ലാം അറിയാം, അപ്പോള്‍ അത് വലിയ ലഹരിമൂത്തതായിരിക്കില്ല എന്ന്. ഇളംകള്ള് നല്ലരീതിയില്‍ കൊടുത്താല്‍ അത് ഏറ്റവും പോഷക സമൃദ്ധമായ ഒന്നായിരിക്കും’, മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയത്തെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയും അദ്ദേഹം തന്റെ പ്രസംഗത്തില്‍ നല്‍കി. നയം അംഗീകരിക്കുമ്പോള്‍ എല്ലാം പറയേണ്ടകാര്യമില്ലെന്നും അത് നടപ്പാക്കുമ്പോള്‍ എന്തല്ലാം നടപടികളും കരുതലും വേണമെന്നാണ് ആലോചിക്കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘മദ്യനയം പ്രഖ്യാപിച്ചപ്പോള്‍ ചില ന്യായങ്ങള്‍ പറഞ്ഞു. ആ ന്യായങ്ങളൊക്കെ പിന്നെ ആലോചിക്കേണ്ടതാണ്. നയത്തില്‍ അതെല്ലാം പറയേണ്ടകാര്യമില്ല. നയം നടപ്പാക്കുമ്പോള്‍ അതില്‍ എന്തെല്ലാം കരുതലും നടപടികളും വേണമെന്ന് ആലോചിക്കണം’, എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
കള്ള് മദ്യമല്ലെന്നും പോഷകാഹാര വസ്തുവാണെന്നും കഴിഞ്ഞ ദിവസം എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും പറഞ്ഞിരുന്നു. കേരളത്തിന്റെ കാര്‍ഷിക ഉത്പന്നമായ കള്ളിനേയും
നീരയേയും ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.