മുന്‍ നക്‌സലൈറ്റ് ഗ്രോ വാസു അറസ്റ്റിൽ

Share our post

കോഴിക്കോട്: മുന്‍ നക്‌സലൈറ്റും മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു (എ. വാസു) വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. 2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് നടന്നത്. ഇതുമായി ബന്ധപ്പെട്ട് എല്‍.പി വാറണ്ട് നിലവിലുണ്ടായിരുന്നു.

നിരപരാധികളായ മനുഷ്യരെ വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തിയവര്‍ക്കെതിരെ കേസെടുക്കാതെ, അതില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. പിഴ അടക്കില്ലെന്നും കേസ് സ്വന്തമായി വാദിക്കുമെന്നുമായിരുന്നു ഗ്രോ വാസു കോടതിയില്‍ സ്വീകരിച്ച നിലപാട്.

തന്നെ അറസ്റ്റ് ചെയ്ത മെഡിക്കല്‍ കോളേജ് പൊലീസിനോട് ഈ നിലപാട് അദ്ദേഹം വ്യക്തമാക്കി. സ്റ്റേഷന്‍ ജാമ്യം ആവശ്യമില്ലെന്നും കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. അതോടെ പൊലീസ് അദ്ദേഹത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

10,000 രൂപ ജാമ്യത്തുക കെട്ടിവെക്കാൻ കോടതി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലില്‍ പ്രതിഷേധിക്കുകയും അനുശോചനം രേഖപ്പെടുത്തിയവര്‍ക്കെതിരെയല്ല, ആ കുറ്റം ചെയ്തവര്‍ക്കെതിരെയാണ് കേസ് എടുക്കേണ്ടത് എന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ജാമ്യത്തുക കെട്ടിവെക്കാൻ തയ്യാറല്ലെന്ന നിലപാട് സ്വീകരിച്ചു.

നാടകീയ രംഗങ്ങളാണ് കോടതിയില്‍ പിന്നീട് അരങ്ങേറിയത്. മജിസ്‌ട്രേറ്റ് അദ്ദേഹത്തെ സ്വന്തം ജാമ്യത്തില്‍ വിട്ടു. എന്നാല്‍ കോടതിയില്‍ കുറ്റം സമ്മതിക്കാനോ രേഖകളില്‍ ഒപ്പുവെക്കാനോ ഗ്രോ വാസു തയ്യാറായില്ല. സുഹൃത്തുക്കളടക്കമുള്ളവര്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഭരണകൂട സമീപനങ്ങളോടുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് അദ്ദേഹം കടുത്ത നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. ഒടുവില്‍ അദ്ദേഹത്തെ റിമാന്റ് ചെയ്ത് കോഴിക്കോട് പുതിയറ സബ്ജയിലിലേക്ക് മാറ്റി.

കേരളത്തിലെ ആദ്യകാല നക്‌സലൈറ്റുകളില്‍ ഒരാളായ അദ്ദേഹത്തിന് ഇപ്പോള്‍ 94 വയസ്സാണ്. തിരുനെല്ലി-തൃശ്ശിലേരി അടക്കമുള്ള നക്‌സലൈറ്റ് ആക്ഷനുകളില്‍ പ്രതിയായിരുന്ന അദ്ദേഹം നക്‌സലൈറ്റ് എ വര്‍ഗീസിനൊപ്പം പ്രവര്‍ത്തിച്ചിരുന്നയാളാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!