മാതൃകയായി ജീവനക്കാർ; ബസിൽ കുഴഞ്ഞുവീണ വയോധികനെ ആശുപത്രിയിൽ എത്തിച്ച് രക്ഷപ്പെടുത്തി

പരിയാരം∙ ബസിൽ കുഴഞ്ഞു വീണ 75കാരൻ, ബസ് ജീവനക്കാർ സമയോചിതമായി ആശുപത്രി എത്തിച്ചതിനാൽ രക്ഷപ്പെട്ടു. പയ്യന്നൂർ– കണ്ണൂർ റൂട്ടിലോടുന്ന ബ്ലൂബേർഡ്‌സ് ബസ് ജീവനക്കാരാണ് ജീവൻ രക്ഷിച്ച് മാതൃകയായത്.
പൊന്നമ്പാറയിലെ കേളപ്പനെ ആണ് ബസിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പെട്ടെന്ന് എത്തിച്ചത്. പയ്യന്നൂർ പെരുമ്പയിൽ നിന്നു ഇന്നലെ രാവിലെ പതിനൊന്നോടെ മെഡിക്കൽ കോളജിലേക്ക് ബസ് കയറിയ കേളപ്പൻ ഇരുന്ന സീറ്റിൽ നിന്നും ചെരിഞ്ഞ് വീഴുന്നതായി കണ്ട കണ്ടക്ടർ ചെമ്പേരി സ്വദേശിയായ ഇ.വി.സുജിൻ, മുന്നിലെ സീറ്റിലുണ്ടായിരുന്ന ഇയാളോടൊപ്പം കയറിയ സ്ത്രീയെ വിളിച്ച് കൂടെയിരുത്തി.
വെള്ളം കൊടുത്തെങ്കിലും കുടിക്കാൻ കഴിയാതെ ഇയാൾ അബോധാവസ്ഥയിലായതോടെ സ്ത്രീകൾ കരച്ചിൽ തുടങ്ങി. അപ്പോഴേക്കും ബസ് എടാട്ട് എത്തിയിരുന്നു. നില അപകടമാണെന്ന് വ്യക്തമായതോടെ കണ്ടക്ടർ സുജിൻ ഡ്രൈവർ മിഥുനും ക്ലീനർ ഷമലും എവിടെയും നിർത്താതെ ബസ് പരിയാരം മെഡിക്കൽ കോളജിലേക്ക് വിടുകയായിരുന്നു. മുൻകൂട്ടി വിവരം അറിയിച്ചതിനെ തുടർന്നു ഡോക്ടർമാരും ജീവനക്കാരും ബസിലെത്തി കേളപ്പനെ പരിചരിക്കുകയും ഉടൻതന്നെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.