പാര്‍ട്ടി ഗ്രാമത്തെ കുറിച്ചു അപകീര്‍ത്തികരമായ പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസ്

Share our post

കണ്ണൂര്‍: പയ്യന്നൂരിലെ സി.പി. എം പാര്‍ട്ടി ഗ്രാമമായ കോറോം നാടിനെക്കുറിച്ച് സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ വ്യാജപ്രചരണം നടത്തിയെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് ടി. പി ജയചന്ദ്രനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.

സി.പി.ഐ .എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മണിപ്പൂരില്‍ നടക്കുന്ന അക്രമ സംഭവങ്ങളെക്കുറിച്ച് ജൂലൈ 18ന് നടന്ന ചര്‍ച്ചയില്‍ പയ്യന്നൂര്‍ കോറോം നാടിനെയും സി.പി.ഐ. എമ്മിനെയും അപമാനിച്ചെന്നാണ് പരാതി.

പയ്യന്നൂര്‍ കോറോത്ത് മുന്നൂറോളം സി.പി.ഐ. എം പ്രവര്‍ത്തകര്‍ ദളിത് സ്ത്രീകളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നും അവര്‍ക്ക് മാസങ്ങളോളം അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയേണ്ടി വന്നുവെന്നുമായിരുന്നു ടി. പി. ജയചന്ദ്രന്റെ പരാമര്‍ശം.

ഇങ്ങനെയൊരു സംഭവം കോറോം പ്രദേശത്ത് നാളിതുവരെ നടക്കാത്തതും വസ്തുതകള്‍ക്ക് നിരക്കാത്തതും കേട്ടുകേള്‍വി പോലും ഇല്ലാത്തതാണെന്ന് വിശദീകരിച്ചുകൊണ്ടു സി.പി. എം പ്രാദേശിക നേതൃത്വം രംഗത്തുവന്നിരുന്നു.

പൂര്‍ണമായും സമാധാന അന്തരീക്ഷം നിലനില്‍ക്കുന്നതും ജനങ്ങള്‍ ഐക്യത്തോടെ സഹവസിക്കുന്നതുമായ പ്രദേശത്തെ കുറിച്ച് ബി.ജെ.പി പ്രതിനിധി നടത്തിയ പരാമര്‍ശം സി.പി.ഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശത്തോടെയും കോറോം നാടിനെ പൊതു സമൂഹത്തില്‍ അപമാനിക്കാന്‍ വേണ്ടിയുമുള്ളതാണ്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ അക്രമിച്ചുവെന്ന പ്രസ്താവന പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ അകല്‍ച്ചയും വൈരാഗ്യവും സൃഷ്ടിക്കുക എന്ന ദുരുദ്ദേശത്തോടെയുള്ളതാണ്.

യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതും സമൂഹത്തില്‍ വിഭാഗീയതയും വെറുപ്പും ഉണ്ടാക്കിയെടുക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം പ്രസ്താവക്ക് പിന്നിലുള്ളത്. നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കോറോം നാടിനെയും സി.പി.ഐ എമ്മിനെയും അപമാനിക്കുയും ചെയ്യുക എന്ന ലക്ഷ്യത്തോടെയും ചാനല്‍ ചര്‍ച്ചയില്‍ പരാമര്‍ശം നടത്തിയ ടി. പി. ജയചന്ദ്രനെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് സി.പി.ഐ എം കോറോം വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എം. അമ്പു പയ്യന്നൂര്‍ ഡി.വൈ.എസ്പിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!