ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അപകടാവസ്ഥയില്‍

Share our post

കൊട്ടിയൂര്‍ : കണ്ണൂര്‍- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ബോയ്സ് ടൗണ്‍ – പാല്‍ചുരം റോഡ് അത്യന്തം അപകടാവസ്ഥയില്‍. കനത്ത മഴയില്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. റോഡിലെ ടാര്‍ ഇളകി വലിയ കുഴികളാണ് ചുരം പാതയില്‍.

രണ്ട് അടിയോളം ആഴമുള്ള കുഴിയാണ് കുത്തനെയുള്ള കയറ്റത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. ഇന്റര്‍ലോക്ക് ഇട്ട ഭാഗത്തെ കോണ്‍ക്രീറ്റ് ഇളക്കി കമ്പിയുംപുറത്ത് വന്നു.കുഴികള്‍ അടച്ച് ലോക്ക് ചെയ്ത ഭാഗങ്ങളും തകര്‍ന്ന് ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.

പലയിടത്തും മെറ്റില്‍ അടക്കം ഒലിച്ചു പോയ നിലയിലാണ്. ചുരത്തില്‍ പലയിടത്തും ഡ്രൈനേജ് ഇല്ല.ഡ്രൈനേജ് ഇല്ലാത്തതിനാല്‍ വെള്ളം റോഡിലൂടെ ഒഴുക്കി ടാര്‍ ഇളകി വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരം കുഴികള്‍ പലതും രൂപപ്പെട്ടിരിക്കുന്നത് റോഡിന്റെ വീതി കുറഞ്ഞ ഭാഗത്താണ്.വഴിയരികില്‍ കൂട്ടി ഇട്ടിരിക്കുന്ന മിച്ചം വന്ന ഇന്റര്‍ലോക്ക് കട്ടകള്‍ കുഴികളില്‍ ഇട്ട നിലയിലാണ്.

വീതി കുറഞ്ഞ ഭാഗത്ത് ഇന്റര്‍ലോക്ക് കട്ടകള്‍ കൂട്ടി ഇട്ടിരിക്കുന്നത് ഇരു ദിശയിലേക്കും ഒരേ സമയം വാഹനങ്ങള്‍ കടന്നു പോകാനുംബുദ്ധിമുട്ടാണ്.ഇന്റര്‍ലോക്ക് ചെയ്ത ഭാഗത്ത് കോണ്‍ക്രീറ്റ് ഇട്ടപ്പോള്‍ വലിയ വക്ക് രൂപപ്പെട്ടരിക്കുന്നത്.

ഇത് ഇരുചക്ര വാഹനങ്ങള്‍ അടക്കം അപകടത്തില്‍പെടുന്നതിന് കാരണമാകും.വാഹനങ്ങള്‍ കുഴിയില്‍ വീണ് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കെ.എസ്.ആര്‍.ടി.സി. ബസുകളുടെ മുന്‍ഭാഗവും പിന്‍ഭാഗവും കുഴിയില്‍ ഇടിക്കുന്നുണ്ടെന്ന് നാട്ടുകാരനായ റെജി കന്നുകുഴിയില്‍ പറഞ്ഞു. റോഡ് സൈഡിലെ കാനകളില്‍ നിറയെ ചെളിയാണ്.

വെളളം ഒഴുകുന്നത് റോഡില്‍ കൂടിയാണെന്നും റെജി പറഞ്ഞു. റോഡിന്റെ സ്ഥിതി ഇത്തരത്തില്‍ തുടര്‍ന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തുമോയെന്ന ആശങ്കയും നാട്ടുകാര്‍ക്ക് ഉണ്ട്. ചുരത്തില്‍ അപകടങ്ങളും പതിവാകുയാണ്. വ്യാഴാഴ്ച രാത്രി ലോറി അപകടത്തില്‍ പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു. ആ ലോറിയുടെ ഭാഗങ്ങള്‍ ഇന്നും റോഡരികില്‍ കിടപ്പുണ്ട്.

കഴിഞ്ഞ മെയില്‍ അവസാനത്തെ രണ്ട് ആഴ്ച റോഡ് പൂര്‍ണ്ണമായും അടച്ചാണ് അറ്റകുറ്റപണികള്‍ ആരംഭിച്ചത്. അറ്റകുറ്റപണികള്‍ പൂര്‍ത്തിയാകും മുമ്പ് കൊട്ടിയൂര്‍ ഉത്സവം ആരംഭിച്ചതോടെ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തിരുന്നു.

ഇന്റര്‍ലോക്ക് ഇട്ട് കോണ്‍ക്രീറ്റ് ചെയ്തത് ഉറക്കുന്നതിന് മുമ്പാണ് റോഡില്‍ ഗതാഗതം അനുവദിച്ചത്. വാഹനങ്ങള്‍ കടന്നു പോകാന്‍ തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റോഡ് തകര്‍ന്നുതുടങ്ങി. 85 ലക്ഷം രൂപയാണ് റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ 11 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ മാത്രമാണ് നടന്നിരിക്കുന്നതെന്നാണ് കെ.ആര്‍.എഫ്.ബി. പറയുന്നത്.റോഡിന്റെ അറ്റകുറ്റപണി നടത്തി ഇത്ര വേഗത്തില്‍ റോഡ് പൂര്‍ണ്ണമായി തകര്‍ന്നതോടെ വലിയ പ്രതിഷേധത്തിലാണ്നാട്ടുകാര്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!