കൊട്ടിയൂരിൽ അംഗൻവാടി അടുക്കളയിൽ രാജവെമ്പാല

കൊട്ടിയൂര്‍: കൊട്ടിയൂരിൽ അംഗൻവാടിയുടെ അടുക്കളയിൽ രാജവെമ്പാലയെ കണ്ടെത്തി. കൊട്ടിയൂർ പഞ്ചായത്ത് മൂന്നാം വാർഡ് ഒറ്റപ്ലാവ് ഈസ്റ്റ് അംഗൻവാടിയുടെ അടുക്കളയിലാണ് വ്യാഴാഴ്ച ഉച്ചയോടെ അംഗൻവാടി ഹെൽപ്പർ രാജവെമ്പാലയെ കണ്ടത്. അടുക്കളയിലെ പാൽ പാത്രത്തിന് സമീപത്തായാണ് പാമ്പ് ഉണ്ടായിരുന്നത്.
തുടർന്ന് റെസ്ക്യൂ ടീം അംഗങ്ങളായ ഫൈസൽ വിളക്കോട്, ബിനോയ് കൂമ്പൂങ്കൽ, തോമസ് കൊട്ടിയൂർ, റോയ് എന്നിവരെത്തി പാമ്പിനെ പിടികൂടി ഉൾവനത്തിൽ തുറന്നുവിട്ടു. മഴ കാരണം അംഗൻവാടിയിലെത്തിയ കുട്ടികളെ കുറച്ച്നേരത്തേ വിട്ടിരുന്നതായി ഹെൽപ്പർ പറഞ്ഞു.
കുട്ടികളെ കളിപ്പിക്കുന്നതും ഉറക്കുന്നതിനുമായുള്ള റൂമിന്റെ തൊട്ടടുത്തുള്ള അടുക്കളയിൽ പാമ്പ് കയറി എന്നത് വളരെ ഗൗരവമായാണ് രക്ഷിതാക്കൾ കാണുന്നത്.
അംഗൻവാടിയുടെ പരിസരത്ത് വൻതോതിൽ മാളങ്ങൾ ഉണ്ടെന്നും നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയൊന്നും എടുത്തിട്ടില്ലെന്നും സമീപവാസികൾ പറഞ്ഞു.