മൗനിയായ ഭരണാധികാരിയുള്ളപ്പോൾ മണിപ്പുർ ആവർത്തിക്കും: ടി.പത്മനാഭൻ

ഇരിട്ടി ∙: ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ എവിടെയും പേരു കാണാത്തവർ രാജ്യം ഭരിക്കുമ്പോൾ മണിപ്പുർ ഉണ്ടാകുന്നതിൽ അദ്ഭുതപ്പെടാനില്ലെന്നു ചെറുകഥാകൃത്ത് ടി.പത്മനാഭൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മണിപ്പുർ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ചരിത്രത്തിൽ ഇടമില്ലാത്തവർ അധികാരത്തിൽ എത്തുമ്പോഴെല്ലാം ചരിത്രം മാറ്റിയെഴുതാൻ നീക്കം നടന്നിട്ടുണ്ട്. പാഠപുസ്തകങ്ങളിൽ നിന്നു പോലും ഗാന്ധിജിയെയും നെഹ്റുവിനെയുമൊക്കെ മാറ്റുകയാണ്. മൗനിയായ ഭരണാധികാരി അധികാരത്തിലിരിക്കുമ്പോൾ എവിടെയും മണിപ്പുർ ആവർത്തിക്കും. എല്ലാ രാജ്യവും സന്ദർശിച്ചു പുരസ്കാരം ഏറ്റുവാങ്ങുന്ന ഭരണാധികാരിക്ക് ഇന്ത്യയ്ക്കു വെളിയിലിറങ്ങാൻ ഇനി അൽപം ജാള്യം ഉണ്ടാവും,’ ടി.പത്മനാഭൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ.ഡോ.ഫിലിപ്പ് കാവിയിൽ, കല്ലായി ജുമാ മസ്ജിദ് ചീഫ് ഇമാം യഹ്യ ബാഖവി, സണ്ണി ജോസഫ് എം.എൽ.എ, സജീവ് ജോസഫ് എം.എൽ.എ, നേതാക്കളായ സോണി സെബാസ്റ്റ്യൻ, ഡോ.കെ.വി.ഫിലോമിന, ചന്ദ്രൻ തില്ലങ്കേരി, സജീവ് മാറോളി, പി.ടി.മാത്യു, ബേബി തോലാനി, ബെന്നി തോമസ്, ജെയ്സൺ കാരക്കാട്ട്, പി.എ.നസീർ, പി.കെ.ജനാർദനൻ, പി.സി.രാമകൃഷ്ണൻ, സി.ടി.സജിത്ത്, ടി.ജയകൃഷ്ണൻ, സി.ജി.തങ്കച്ചൻ, രഞ്ചിത്ത് നാറാത്ത്, ലിസി ജോസഫ്, വി.ആർ.ഭാസ്കരൻ, രാജിവൻ എളയാവൂർ, സി.കെ.മുഹമ്മദ്, ചാക്കോ പാലക്കലോടി, വി.പി.അബ്ദുൽ റഷീദ്, ഇബ്രാഹിം മുണ്ടേരി, അമൃത രാമകൃഷ്ണൻ, കെ.പി.സാജു, വി.ടി.തോമസ്, കെ.വേലായുധൻ, ബൈജു വർഗീസ്, റഷീദ് കവ്വായി, ശ്രീജ മഠത്തിൽ, കെ.പ്രമോദ്, സി.കെ.മുഹമ്മദ്, സി.അഷ്റഫ് എന്നിവർ പ്രസംഗിച്ചു.