‘കൈയും തലയും വെട്ടി കാളിപൂജ നടത്തും’; കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ

Share our post

കണ്ണൂര്‍: പി.ജയരാജനും സ്പീക്കർ എ.എൻ ഷംസീറിനുമെതിരെ കണ്ണൂരിൽ കൊലവിളി മുദ്രാവാക്യവുമായി ബി.ജെ.പി പ്രവർത്തകർ. കൈയും തലയും വെട്ടി കാളിപൂജ നടത്തുമെന്നാണ് മുദ്രാവാക്യം വിളിച്ചത്. മാഹി പള്ളൂരിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്.

സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ വ്യാഴാഴ്ച പറഞ്ഞിരുന്നു. ശക്തമായ ചെറുത്തു നിൽപ്പുണ്ടാകുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

ഷംസീറിനെതിരെ യുവമോർച്ച നേതാവ് കെ.ഗണേഷ് നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു ജയരാജന്റെ ഭീഷണി.ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ. എൽ ഷംസീറിൻറെ തലശേരിയിലെ ഓഫീസിലേക്ക് കഴിഞ്ഞ ദിവസം യുവമോർച്ച സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ടായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഗണേഷ് വിവാദ പ്രസംഗം നടത്തിയത്.

പിന്നാലെയാണ് തലശേരിയിൽ എൽ. ഡി. എഫ് സംഘടിപ്പിച്ച സേവ് മണിപ്പൂർ ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത പി.ജയരാജൻ യുവമോർച്ചക്കെതിരെ ഭീഷണി ഉയർത്തിയത്.

അതേസമയം, ഒരുപാട് പേരെ മോർച്ചറിയിലാക്കിയ ജയരാജന് വയസാം കാലത്ത് അതിനുളള ആവതില്ലന്ന് ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രനും പ്രതികരിച്ചിരുന്നു. യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരണ്ടി വരുമെന്ന ഭീഷണിയുമായി ബി. ജെ. പി നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി. തിരുവോണ നാളിൽ പി. ജയരാജന് നേരെ നടന്ന അക്രമം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു സന്ദീപിൻറെ ഭീഷണി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!