പീഡനശ്രമം: തലശേരിയിലെ മസാജ് പാർലർ പൂട്ടിച്ചു

തലശേരി: ആയുർവേദ തെറാപ്പിസ്റ്റായ യുവതി പീഡനശ്രമത്തിനിരയായ സംഭവത്തിൽ മസാജ് പാർലർ പോലീസ് അടച്ചുപൂട്ടി. എൻ.സി.സി റോഡിലെ ലോട്ടസ് സ്പായാണ് സി.ഐ .എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂട്ടിയത്.
അതിനിടെ പീഡനത്തിരയായ യുവതിയും മസാജ് പാർലറിലെ മറ്റ് ജീവനക്കാരികളും താമസിക്കുന്ന വീട്ടിൽ കൂട്ടത്തല്ലും ജാതിപ്പേര് വിളിച്ച് അധിക്ഷേപവും അരങ്ങേറി. ഈ സംഭവത്തിൽ ടൗൺ പോലീസ് ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.
പീഡനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാറാൽ ചെമ്പ്ര ദേവി കൃപയിൽ രജിലേഷ് (29), സ്പാ മാനേജർ ഇടുക്കി നെടുങ്കണ്ടം വെട്ടുകാവിങ്കൽ അനന്ദു (26) എന്നിവരെ കോടതി റിമാൻഡു ചെയ്തു.
ഹിന്ദി സംസാരിക്കുന്ന ഒരു യുവതിയും പീഡനക്കേസിൽ പ്രതിയാണ്. മസാജ് പാർലറിലെ ജീവനക്കാരി കൂടിയായ ഇവരുടെ സഹായത്തോടെയാണ് പീഡനശ്രമം എന്നാണ് റിപ്പോർട്ട്.