മസാജ് കേന്ദ്രത്തിൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം

തലശ്ശേരി: നഗരത്തിലെ ആയുർവേദ തിരുമ്മൽ-ഉഴിച്ചിൽ കേന്ദ്രത്തിലെ തെറപ്പിസ്റ്റായ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് നടത്തിപ്പുകാരനും സഹായിയും അറസ്റ്റിൽ.
തലശ്ശേരി ലോഗൻസ് റോഡിലെ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന മസാജ് കേന്ദ്രത്തിലെ ജോലിക്കാരി ആലപ്പുഴ സ്വദേശിനി നാൽപതുകാരിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.
സ്ഥാപനത്തിലെ മാനേജർ ഇടുക്കി നെടുംകണ്ടം കറുകച്ചാൽ മുതിരമലയിലെ വെട്ടിക്കാവുകൽ അനന്തു (25), ഇവിടെ മസാജിനെത്തിയ തലശ്ശേരി പാറാൽ ചെമ്പ്രയിലെ ദേവികൃപയിൽ കെ. റജിലേഷ് (28) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം സ്ഥാപനത്തിൽ വെച്ചാണ് സംഭവം.
പീഡനം എതിർത്തതിനെ തുടർന്ന് യുവതി താമസിക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.
പരാതിക്കാരി വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. തടഞ്ഞുവെക്കൽ, പീഡനശ്രമം തുടങ്ങി അഞ്ചോളം വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
സ്ഥാപന ഉടമ ഒളിവിലാണ്. മസാജ് കേന്ദ്രങ്ങളുടെ മറവിൽ ചിലയിടത്ത് അനാശാസ്യം നടക്കുന്നതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.