കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളക്കെട്ട്

കണ്ണൂർ : കാലവർഷം ശക്തമായതോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ അടിപ്പാതയിൽ വെള്ളക്കെട്ട്. ബുധൻ രാവിലെ നിരവധി യാത്രക്കാർ വെള്ളക്കെട്ടിൽ തെന്നിവീണു. സ്റ്റെപ്പുകൾക്ക് സമീപത്തെ ഭിത്തിയിൽ നിന്നാണ് വെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്നത്. ബുധൻ രാവിലെ സ്റ്റെപ്പുകൾക്ക് മുകളിലും അടിപ്പാതക്ക് അകത്തേക്കും വെള്ളക്കെട്ട് രൂക്ഷമായതോടെ ലഗേജുകളുമായി യാത്രക്കാർക്ക് നടക്കാൻ സാധിക്കാതായി. ട്രെയിൻ വരേണ്ട സമയത്ത് പലരും ധൃതിയിൽ നടന്നപ്പോൾ തെന്നിവീണ് പരിക്കേറ്റു. റെയിൽവേ എൻജിനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ അടിപ്പാത അശാസ്ത്രീയമായാണ് നിർമിച്ചതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
എല്ലാ വർഷവും കാലവർഷം ശക്തമായാൽ അടിപ്പാതയിൽ വെള്ളക്കെട്ട് പതിവാണ്. മുൻവർഷങ്ങളിൽ വെള്ളം മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളക്കെട്ട് നീക്കിയത്. അടിപ്പാതയിൽ വെള്ളംകെട്ടി നിൽക്കുന്നുണ്ടെങ്കിൽ ഇതുവഴി കടക്കരുതെന്നും എൻജിനിയറിങ് വിഭാഗത്തെ ബന്ധപ്പെടണമെന്നും കാണിച്ച് രണ്ട് ഫോൺ നമ്പറുകൾ അടങ്ങുന്ന ഒരു ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. റെയിൽവേ അധികൃതരെയും എൻജിനിയറിങ് വിഭാഗത്തെയും വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല.
വെള്ളക്കെട്ട് തടയാൻ അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യമുയർന്നെങ്കിലും പരിഗണിച്ചില്ല. ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ട്, മൂന്ന് പ്ലാറ്റ് ഫോമുകളിലേക്ക് എളുപ്പത്തിലെത്താനാണ് റെയിൽവേ അടിപ്പാത നിർമിച്ചത്. രാവിലെയും വൈകിട്ടും സ്റ്റേഷനിൽ തിരക്കേറുന്ന സമയങ്ങളിൽ അടിപ്പാതയിലൂടെയാണ് കൂടുതൽ യാത്രക്കാർ പോകാറുള്ളത്. വെള്ളക്കെട്ട് പരിഹരിക്കാൻ റെയിൽവേ നടപടി സ്വീകരിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം കനക്കുകയാണ്.