ശുചിത്വ മാലിന്യ സംസ്‌കരണം: 47 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

Share our post

മാലിന്യ മുക്ത നവകേരളമെന്ന ലക്ഷ്യത്തോടെ ശുചിത്വ മാലിന്യ സംസ്‌കരണ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷകരിച്ച 47 തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഈ വർഷത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. സമിതി ചെയർപേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി. പി ദിവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി എ. ബി. സി സെന്റർ ആരംഭിക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾ ഒരു ലക്ഷം രൂപ വീതവും ബ്ലോക്ക് പഞ്ചായത്തുകൾ രണ്ട് ലക്ഷം രൂപ വീതവും നിർബന്ധമായും വകയിരുത്തണമെന്ന് യോഗം നിർദേശം നൽകി.

കൂത്തുപറമ്പിലെ വലിയ വെളിച്ചത്ത് പുതിയ എ. ബി. സി സെൻറർ ആരംഭിക്കുന്ന പശ്ചാത്തലത്തിൽ സെന്ററിന്റെ പരിധിയിലും സമീപ പ്രദേശങ്ങളിലും പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ തുക വകയിരുത്താനും യോഗം നിർദ്ദേശിച്ചു.

ഈ തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും പ്രത്യേക യോഗം ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിൽ വിളിച്ച് ചേർക്കും.കണ്ണൂർ കോർപ്പറേഷൻ കരട് മാസ്റ്റർ പ്ലാൻ പരിശോധനാ സമിതി റിപോർട്ട് യോഗം അംഗീകരിച്ചു.

മേയർ അഡ്വ. ടി ഒ മോഹനൻ, ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ. കെ രത്‌നകുമാരി, ടി സരള, കെ. താഹിറ, കെ. വി ലളിത, കെ. വി ഗോവിന്ദൻ, അസി. കലക്ടർ അനൂപ് ഗാർഗ്, പ്ലാനിംഗ് ഓഫീസറുടെ ചുമതലയുള്ള ടി രാജേഷ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!