കൊമ്മേരിയിൽ കാട്ടുപോത്തുകൾ നശിപ്പിച്ചത് 500-ലധികം വാഴകൾ

കൊമ്മേരി: കാട്ടുപോത്തുകൾ കൃഷിയിടത്തിൽ ഇറങ്ങി വാഴത്തോട്ടം പൂർണമായി തിന്നു നശിപ്പിച്ചു. കൊമ്മേരിയിലെ സോപാനത്തിൽ കെ.വി.ഷൈജു, പി.മോഹനൻ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപോത്ത് ഇറങ്ങി കൃഷി നശിപ്പിച്ചത്.
ഷൈജുവിന്റെ മാത്രം അഞ്ഞൂറിൽ അധികം വാഴകളാണ് കാട്ടുപോത്ത് തിന്നത്. മോഹനന്റെ അമ്പതോളം വാഴകളും തിന്നു. ഒന്നര മാസം മുൻപ് നട്ട തൈകളാണ് കാട്ടുപോത്ത് തിന്ന് നശിപ്പിച്ചത്.
കഴിഞ്ഞ വർഷം ഉണ്ടായ ഉരുൾ പൊട്ടലുകളെ തുടർന്ന് ഈ മേഖലയിൽ കൃഷി നാശം സംഭവിച്ചിരുന്നു. അതിന് ശേഷം വീണ്ടും കൃഷിയിലേക്ക് തിരിഞ്ഞ കർഷകരാണ് കാട്ടുപോത്തിന്റെ ശല്യം കാരണം പ്രതിസന്ധിയിലായത്.
കോളയാട് പഞ്ചായത്ത് കാട്ടുപോത്തുകളുടെ തട്ടകമായി മാറിയിട്ട് വർഷങ്ങളായി. 2022 മാർച്ച് ആറിന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പുത്തലത്താൻ ഗോവിന്ദൻ മരണപ്പെട്ടിരുന്നു.
പെരുവ, കൊമ്മേരി മേഖലയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം കാരണം നിരവധി വാഹനാപകടങ്ങളും ഉണ്ടായിട്ടുണ്ട്. കുരങ്ങിന്റെയും കാട്ടുപന്നിയുടെയും ശല്യവും രൂക്ഷമാണ്.
പകൽ സമയത്ത് പോലും കാട്ടുപോത്തുകൾ ഒറ്റയ്ക്കും കൂട്ടമായും പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിലസുന്ന കാഴ്ച പതിവാണ്.
പെരുവയിലെ ചില മേഖലകളിൽ കാട്ടാനകളും എത്തുന്നു. ഇതോടെ കർഷകരുടെ ജീവിത മാർഗം തന്നെ അടയുന്ന അവസ്ഥയിലാണ്.
എന്നാൽ കാട്ടുപോത്ത്, കാട്ടുപന്നി, കുരങ്ങ്, കാട്ടാന എന്നിവയെ തുരത്താനോ ഇവയുടെ ശല്യം നിയന്ത്രിക്കാനോ യാതൊരു ശ്രമവും വനം വകുപ്പിന്റെയും പഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.
നിരവധി വർഷങ്ങളായി ഇതേ സ്ഥിതി തുടർന്നിട്ടും വൈദ്യുതി കമ്പിവേലി പോലും സ്ഥാപിക്കാൻ വനം വകുപ്പ് തയാറാകുന്നില്ല.
അതിനായി പദ്ധതി ഉണ്ടാക്കാനും വനം വകുപ്പ് ശ്രമിക്കുന്നില്ല. ജനകീയ വിഷയമായിരുന്നിട്ടു പോലും പ്രായോഗികമായി നടപടി സ്വീകരിക്കുന്നതിന് സർക്കാരിനു മുന്നിൽ സമ്മർദം ചെലുത്താൻ പഞ്ചായത്തിനും സാധിക്കുന്നില്ല.
ചില ഒറ്റപ്പെട്ട സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നു. ഇതൊഴിച്ചാൽ വന്യമൃഗ ശല്യം സ്ഥിരമായി അനുഭവപ്പെടുന്ന പ്രദേശമായിട്ടും സമരങ്ങൾ പോലും ഉണ്ടാകുന്നില്ല.