ഇരിട്ടി: തദ്ദേശഭരണ സ്ഥാപന പദ്ധതികളുടെ നിർവഹണത്തിന്റെയും പ്രകൃതിക്ഷോഭ നഷ്ടക്കണക്കെടുപ്പിന്റെയും സമയത്ത് ഇരിട്ടി ബ്ലോക്കിൽ കൃഷി ഓഫിസർമാരും മറ്റു പ്രധാന ഉദ്യോഗസ്ഥരും ഇല്ലാതെ പകുതി കൃഷിഭവനുകൾ.
ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി, തില്ലങ്കേരി കൃഷിഭവനുകളിലാണ് കൃഷി ഓഫിസർമാരുടെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. ഈ 4 കൃഷിഭവനുകളിലായി 15 ജീവനക്കാർ വേണ്ടിടത്ത് ഉള്ളത് 7 പേർ മാത്രമാണ്.
കർഷകർക്കു വിവിധ ആനുകൂല്യങ്ങൾ ഉറപ്പു വരുത്തുന്ന വിവിധ പദ്ധതികൾ യഥാസമയം നടപ്പാക്കുന്നതിനായി ഉള്ള ജീവനക്കാർ രാവും പകലും കഷ്ടപ്പെടുന്ന കാഴ്ചയാണ് ഉള്ളത്. പച്ചത്തേങ്ങ സംഭരണത്തിനുള്ള സർട്ടിഫിക്കറ്റ് നൽകൽ മുതൽ 1 ലക്ഷം യുവജന തൊഴിൽദാന പദ്ധതി പെൻഷൻ – ഗ്രാറ്റുവിറ്റി വിതരണം വരെ പ്രതിസന്ധിയിലാണ്.
മേഖലയിൽ ആറളം ഫാം പുനരധിവാസ ഉൾപ്പെടുന്ന ഏറ്റവും കൂടുതൽ ഗുണഭോക്താക്കൾ ഉള്ള ആറളം കൃഷിഭവനുകളിൽ വർഷങ്ങളായി ഇടയ്ക്കു ചുരുങ്ങിയ സമയം മാത്രമാണ് സ്ഥിരം കൃഷി ഓഫിസർ ഉണ്ടായിരുന്നത്.
ഫാം പുനരധിവാസ മേഖലയിൽ മാത്രം 58 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആറളം, അയ്യൻകുന്ന്, കീഴൂർ – ചാവശ്ശേരി കൃഷിഭവനുകളിൽ 1 കൃഷി ഓഫിസർ, 1 അസിസ്റ്റന്റ് കൃഷി ഓഫിസർ, 2 കൃഷി അസിസ്റ്റന്റ് എന്നീ തസ്തികകളാണ് ഉള്ളത്.
ഇതിൽ ആറളത്ത് 2 കൃഷി അസിസ്റ്റന്റുമാർ മാത്രം ആണുള്ളത്. 30 കിലോമീറ്റർ ദൂരത്തുള്ള മട്ടന്നൂർ കൃഷി ഓഫിസർക്കാണ് ആറളത്തിന്റെ അധിക ചുമതല. മേഖലയിലെ ഏറ്റവും കൂടുതൽ പ്രദേശം ഉള്ള അയ്യൻകുന്നിൽ 1 അസിസ്റ്റന്റ് കൃഷി ഓഫിസറും 1 കൃഷി അസിസ്റ്റന്റും ആണുള്ളത്.
അയ്യൻകുന്നിൽ പേരാവൂർ ബ്ലോക്കിലെ മുഴക്കുന്ന് കൃഷി ഓഫിസർക്കാണ് അധിക ചുമതല. ഇരിട്ടി നഗരസഭാ പ്രദേശം ഉൾപ്പെടുന്ന കീഴൂർ – ചാവശ്ശേരി കൃഷിഭവനിലും 2 കൃഷി അസിസ്റ്റന്റുമാർ മാത്രമേ ഉള്ളൂ. ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ കൃഷി ഓഫിസർക്കാണ് കീഴൂർ – ചാവശ്ശേരി കൃഷി ഓഫിസറുടെ അധിക ചുമതല.
ഒരു കൃഷി ഓഫിസറും 2 കൃഷി അസിസ്റ്റന്റുമാരും ഉണ്ടാവേണ്ട തില്ലങ്കേരി കൃഷിഭവനിൽ 1 കൃഷി അസിസ്റ്റന്റ് മാത്രമാണ് ഉള്ളത്. പായം കൃഷി ഓഫിസർക്കാണ് തില്ലങ്കേരി കൃഷി ഓഫിസറുടെ അധിക ചുമതല. ഇരിട്ടി ബ്ലോക്കിൽ കീഴല്ലൂർ, കൂടാളി, മട്ടന്നൂർ, പായം കൃഷിഭവനുകളിൽ മാത്രമാണ് ഓഫിസർമാരുള്ളത്.
മേഖലയിൽ മലയോര പഞ്ചായത്തുകൾ എന്ന നിലയിൽ കർഷകരും കാർഷിക പ്രദേശങ്ങളും ഏറെയുള്ള കൃഷിഭവനുകളിൽ ഓഫിസർമാരില്ലാത്തത് ഏറെ ദുരിതമുണ്ടാക്കുന്നു.
അതതു തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ കർഷക പ്രസ്ഥാനങ്ങളും കൃഷിഭവൻ ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തണമെന്നു കൃഷി വകുപ്പിൽ ആവശ്യപ്പെടുന്നതാണെങ്കിലും പരിഗണിക്കപ്പെട്ടിട്ടില്ല.