കള്ളിന് ഇനി നല്ലകാലം; വരുന്നു കേരള ടോഡി, കള്ളിൽനിന്ന്‌ മൂല്യവർധിത വസ്തുക്കൾ

Share our post

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി സ്ഥലങ്ങൾ കണ്ടെത്തി പ്ലാന്റേഷൻ അടിസ്ഥാനത്തിൽ കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്ന സമ​ഗ്ര മദ്യനയത്തിനാണ് മന്ത്രിസഭായോ​ഗം അം​ഗീകാരം നൽകിയത്. ഇങ്ങനെ ഉൽപ്പാദിപ്പിക്കുന്ന കള്ള്‌ കേരള ടോഡി എന്ന പേരിൽ ബ്രാൻഡ്‌ ചെയ്യും. കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കും.

തെങ്ങിൽനിന്ന് ലഭിക്കുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. അധികമുള്ള കള്ളിൽനിന്ന്‌ വിനാഗിരിപോലെ മൂല്യ വർധിത വസ്തുക്കൾ നിർമിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തും. കള്ള് കൊണ്ടുപോകുന്നത്‌ നിരീക്ഷിക്കാൻ ട്രാക്ക്‌ ആൻഡ്‌ ട്രേസ്‌ സംവിധാനം നടപ്പാക്കും. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവർഗങ്ങളിൽനിന്ന് (ധാന്യേതരമായ) വീര്യം കുറഞ്ഞ മദ്യം, വൈൻ എന്നിവ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യും. ഇതിന് ആവശ്യമായ നിയമനിർമാണം നടത്തും.

മയക്കുമരുന്നിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കുന്നതിന് വിപുലമായ പഠനം നടത്താൻ സ്റ്റുഡന്റ് പൊലീസിനെ എക്സൈസ് ഉദ്യോഗസ്ഥർക്കൊപ്പം നിയോഗിച്ചുവെന്ന്‌ എക്‌സൈസ്‌ മന്ത്രി എം.ബി. രാജേഷ്‌ പറഞ്ഞു.

പാലക്കാടിന് പുറമെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുമുള്ള തോപ്പുകളിൽ കള്ള് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കും. തെങ്ങിൽനിന്ന് ഉൽപ്പാദിപ്പിക്കാവുന്ന കള്ളിന്റെ അളവ് ശാസ്ത്രീയമായി പുനക്രമീകരിക്കും. ഇപ്പോൾ ഒരു തെങ്ങിൽ നിന്ന് രണ്ടര ലിറ്റർ കള്ള് എന്ന അളവാണ് അബ്കാരി നിയമത്തിൽ അനുവദിച്ചിട്ടുള്ളത്. ഒരു ഷാപ്പിന് ചെത്താൻ ലൈസൻസ് ലഭിച്ചിട്ടുള്ള തെങ്ങുകളുടെ എണ്ണത്തിന് ആനുപാതികമായ കള്ള് മാത്രമേ ഷാപ്പിൽ സ്റ്റോക്ക് ചെയ്യാനാവൂ. പക്ഷേ കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ അഞ്ച് ലിറ്റർ കള്ള് വരെ ചില സന്ദർഭങ്ങളിൽ ഉൽപ്പാദനമുണ്ട്. അനുവദനീയമായ അളവിൽ കൂടുതൽ കള്ള് ചെത്തുതൊഴിലാളികൾ അളന്നാൽ പലപ്പോഴും കമിഴ്ത്തി കളയേണ്ട സ്ഥിതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അളവ് പുനഃക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!