മുഴപ്പാലയിൽ ഫയർ സയൻസ് കോളേജ് വരുന്നു

Share our post

ചക്കരക്കൽ : മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ്‌ റെസ്ക്യൂ വകുപ്പിന്റെ ഫയർ സയൻസ്‌ കോളേജ്‌ വരുന്നു. വാഹന ഡബ്ബിങ്‌ യാർഡിൽ ഒഴിഞ്ഞുകിടക്കുന്ന 4.55 ഏക്കർ സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കോളേജും ഫയർസ്റ്റേഷനും സ്ഥാപിക്കുക. സ്ഥലപരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേഷ് ഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി. 

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, ജില്ലാ പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട്, പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ലോഹിതാക്ഷൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായി. ഡബിങ് യാർഡിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാൻ കലക്ടർക്ക് നിർദേശം നൽകി. 
നാഗ്പുരിലെ നാഷണൽ ഫയർ സയൻസ് കോളേജിന്റെ മാതൃകയിലായിരിക്കും ഇവിടെയും കോളേജ് ആരംഭിക്കുക. എം.എസ്‌.സി ഫയർസയൻസ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഫയർ ആൻഡ്‌ റസ്ക്യൂ എന്നീ കോഴ്സുകളാണ് തുടക്കത്തിൽ ഉണ്ടാവുക. പ്രാരംഭ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. പഠന സിലബസിന്‌ കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ അംഗീകാരം ലഭിച്ചു. അക്കാദമിക്‌ ബ്ലോക്ക്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ആധുനിക ലാബ്, വർക്ക് ഷോപ്പ്, ഹോസ്റ്റലുകൾ, കളിസ്ഥലം എന്നിവയും ഒരുക്കും ഇതോടനുബന്ധിച്ച് മാതൃകാ ഫയർ സ്റ്റേഷനും നിർമിക്കും.
റവന്യു വകുപ്പിന് ഉടമസ്ഥാവകാശം നിലനിർത്തി സ്ഥലം ഫയർ ആൻഡ്‌ റസ്ക്യു വകുപ്പിന് കൈമാറി. പൊതുമരാമത്ത് വകുപ്പ് പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി. ഇതംഗീകരിച്ചാൽ നിർമാണ പ്രവർത്തനം ആരംഭിക്കും. ജനുവരിയിൽ ക്ലാസുകൾ ആരംഭിക്കും.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!