തൊടീക്കളം ശിവ ക്ഷേത്രത്തിലെ പുതിയ കെട്ടിടങ്ങൾ ആഗസ്റ്റ് അഞ്ചിന് നാടിന് സമർപ്പിക്കും

കൂത്തുപറമ്പ് : തൊടീക്കളം ശിവക്ഷേത്രത്തിലൊരുക്കിയ പുതിയ കെട്ടിടങ്ങൾ അടുത്ത മാസം അഞ്ചിന് നാടിന് സമർപ്പിക്കും. പകൽ 12.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം നിർവഹിക്കും.
ഉദ്‌ഘാടന പരിപാടികൾ വിജയിപ്പിക്കാനായി സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി യോഗം കെ.കെ ശൈലജ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. തൊടീക്കളം അമ്പലത്തിൽ രണ്ട് കോടി 57 ലക്ഷം രൂപ ചെലവഴിച്ച് പൈതൃക ടൂറിസം പഴശ്ശി സർക്യൂട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഊട്ടുപുര, മ്യൂറൽ മ്യൂസിയം, ഓഫീസ്, വിശ്രമ മുറി, ആർട്ട് ഗാലറി എന്നിവ ഒരുക്കിയത്.ചരിത്ര പ്രസിദ്ധമായ തൊടീക്കളം അമ്പലത്തിന് 2000 വർഷത്തിലേറെ പഴക്കമുണ്ട്.
400 വർഷങ്ങൾ പഴക്കമുള്ള മ്യൂറൽ ചിത്രങ്ങളിലൂടെയാണ് അമ്പലം പ്രശസ്തിയാർജ്ജിച്ചത്ത്.തൊടീക്കളം ശിവക്ഷേത്രം 1994 ലാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. 2017ൽ പുരാവസ്തു വകുപ്പ് ഒരു കോടി അറുപത് ലക്ഷം രൂപ ചെലവഴിച്ച് മ്യൂറൽ ചിത്രങ്ങൾ സംരക്ഷിക്കുകയും,നാലമ്പലത്തിന്റെ ചുറ്റുമതിൽ, തിടപ്പള്ളി, പ്രതിക്ഷിണ വഴികൾ തുടങ്ങിയവ രണ്ട് ഘട്ടങ്ങളിലായി നവീകരിച്ചിരുന്നു.
അമ്പലത്തിന്റെ ഉടമസ്ഥാവകാശം ദേവസ്വം ബോർഡിനും സംരക്ഷണ ചുമതല പുരാവസ്തുവകുപ്പിനുമാണ്. സംഘാടകസമിതി യോഗത്തിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി. ബാലൻ അദ്ധ്യക്ഷനായി.
ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരായ ടി.സി മനോജ്, ശ്രീനിവാസൻ, വാർഡ് അംഗം എ.ലീന, ട്രസ്റ്റി ബോർഡ് ചെയർമാൻ സി. ജയേഷ്, പി.കെ രാഗേഷ്, പി. വിജയൻ, പി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: എ. ലീന (ചെയർമാൻ), സി ജയേഷ് (കൺവീനർ).