ജില്ലാ പഞ്ചായത്ത്‌ നൽകും ‘ലൈഫ്‌ പ്ലസ്‌’; പേരാവൂർ ബ്ലോക്കിൽ സന്ദർശനം ഇന്ന്

Share our post

കണ്ണൂർ : ജീവിത പ്രതിസന്ധികളിൽ ഉഴറിപ്പോയ സാധാരണക്കാരന്‌ തലചായ്‌ക്കാനൊരിടമെന്ന വലിയ സ്വപ്‌നം സാധ്യമാക്കുകയായിരുന്നു ലൈഫ്‌ മിഷൻ. സുരക്ഷിതമായ പാർപ്പിടം സ്വന്തമായെങ്കിലും ജീവിതം മുന്നോട്ടുപോകാൻ കടമ്പകളേറെ കടക്കേണ്ടിവരുന്ന അനേകം മനുഷ്യർ ലൈഫ്‌ ഗുണഭോക്താക്കൾക്കിടയിലുണ്ട്‌. ഇവരുടെ ക്ഷേമവും ഉപജീവനവും ഉറപ്പുവരുത്താനുള്ള പദ്ധതിക്കാണ്‌ ജില്ലാ പഞ്ചായത്ത്‌ രൂപം നൽകുന്നത്‌. ജില്ലാ പഞ്ചായത്തിന്റെ ലൈഫ്‌ മിഷൻ മോണിറ്ററിങ്‌ കമ്മിറ്റിയാണ്‌ ലൈഫ്‌ മിഷൻ ഗുണഭോക്താക്കളുടെ ജീവിതം പഠിക്കാൻ നേരിട്ടെത്തുന്നത്‌. 

ലൈഫ്‌ മിഷൻ രണ്ടാംഘട്ടത്തിന്റെ ഭാഗമായ ഗുണഭോക്തക്കളുടെ ജീവിതപ്രശ്‌നങ്ങൾ പഠിക്കാനാണ്‌ ജില്ലാ പഞ്ചായത്ത്‌ ഈ വർഷ പദ്ധതിയിൽ ലൈഫ്‌ മിഷൻ മോണിറ്ററിങ്‌ ഉൾപ്പെടുത്തിയത്‌. രണ്ടാം ഘട്ടത്തിൽ 3572 വീടുകളാണ്‌ ജില്ലയിൽ അനുവദിച്ചത്‌. ഇതിൽ 296 വീടുകൾ പൂർത്തിയായി. 2970 വീടുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്‌. 602 എണ്ണത്തിന്റെ പണി തുടങ്ങിയില്ല. 

 ലൈഫ്‌ മിഷൻ രണ്ടാംഘട്ടത്തിലെ പത്ത്‌ ശതമാനം ഗുണഭോക്താക്കളുടെ ജീവിതാവസ്ഥകളാണ്‌ പഠിക്കുന്നത്‌. ബ്ലോക്ക്‌തലത്തിലാണ്‌ പഠനം. സമിതി അംഗങ്ങൾ ബ്ലോക്ക്‌തല ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌ത്‌ പൊതുവായ പ്രശ്‌നങ്ങൾ കണ്ടെത്തും. പ്രശ്‌നങ്ങളുടെ ഗൗരവം പരിഗണിച്ച്‌ അതീവ ശ്രദ്ധനൽകേണ്ട ഗുണഭോക്താക്കളെ കണ്ടെത്തും. വീട്‌ പൂർത്തിയാക്കാൻ കഴിയാത്തതിന്റെ തടസ്സങ്ങൾ, കുടുംബത്തിന്റെ ഉപജീവനമാർഗം, ആഹാരലഭ്യത, ഗുരുതര രോഗികളുണ്ടെങ്കിൽ അവരുടെ ചികിത്സ, പരിചരണം തുടങ്ങിയ വിഷയങ്ങളിലാണ്‌ സമിതി കേന്ദ്രീകരിക്കുന്നത്‌. കണ്ണൂർ ബ്ലോക്കിൽ സമിതിയുടെ സന്ദർശനം പൂർത്തിയായി. ബുധനാഴ്‌ച പേരാവൂർ ബ്ലോക്കിലാണ്‌ സന്ദർശനം. 

സമിതി റിപ്പോർട്ട്‌ സെപ്‌തംബർ 15ന്‌ ജില്ലാ പഞ്ചായത്തിന്‌ സമർപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത്‌ ആസൂത്രണസമിതി വൈസ്‌ ചെയർമാൻ ടി ഗംഗാധരൻ പറഞ്ഞു. ഭൂമിയുടെ നിയമപ്രശ്‌നങ്ങൾ, വഴിയില്ലാത്തത്‌, വീട്‌ നിർമാണം പൂർത്തിയാക്കാനുള്ള വ്യക്തിപരമായ പ്രയാസങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പരിഹാരം കാണുകയാണ്‌ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

 ലൈഫ്‌ മോണിറ്ററിങ്‌ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ ജില്ലാ പഞ്ചായത്ത്‌ സഹായിക്കുമെന്ന്‌ പ്രസിഡന്റ്‌ പി.പി. ദിവ്യ പറഞ്ഞു. തൊഴിലില്ലായ്‌മ, രോഗം തുടങ്ങിയ പ്രശ്‌നങ്ങൾക്ക് സഹായം ലഭ്യമാക്കും. തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ ശ്രദ്ധകൊണ്ടുവരുമെന്നും പി.പി. ദിവ്യ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!