നീന്തിക്കയറണം എല്ലാരും: സൗജന്യ നീന്തൽ പരിശീലനവുമായി 63-കാരി ജാനകിയമ്മ

Share our post

കണ്ണപുരം : ജീവനോപാധിക്കായി പുലരും മുമ്പ് വീട് വിട്ടിറങ്ങിയവർ, സ്വപ്‌നങ്ങൾ നേടാനുള്ള പരീക്ഷയുടെ കടമ്പ കടക്കാൻ തിടുക്കപ്പെട്ടുപോയവർ, മുങ്ങിപ്പോയ കുഞ്ഞുജീവനുകൾ, ഓരോ നാടിനുമുണ്ടാകും ആഴക്കയങ്ങളിൽ മുങ്ങിപ്പോയവരുടെ നീണ്ട പട്ടിക. ജലംകൊണ്ട്‌ മുറിവേറ്റ അനേകം മനുഷ്യരുണ്ട്‌ നമുക്ക്‌ ചുറ്റും. ജലദുരന്തങ്ങളെ നീന്തിത്തോൽപ്പിക്കാൻ കരുത്തും കരുതലും പകരുകയാണ് കണ്ണപുരത്തെ സി.വി. ജാനകിയമ്മ. ഒന്നരപ്പതിറ്റാണ്ടായി കണ്ണപുരം കുറുവക്കാവിനടുത്തെ കുളത്തിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്നുണ്ട് ഈ അറുപത്തിമൂന്നുകാരി.
ഭൂതത്താൻകെട്ടിന് സമീപം തട്ടേക്കാട് വിനോദസഞ്ചാര ബോട്ട് മുങ്ങി 15 വിദ്യാർഥികളും രണ്ട് അധ്യാപകരും ജീവനക്കാരനും മരിച്ച വാർത്തയാണ്‌ ജാനകിയമ്മയുടെ ഉള്ളുലച്ചത്‌. തന്റെ നാട്ടുകാർ ആരും നീന്തലറിയാത്തതിനാൽ ജലദുരന്തങ്ങളിൽപ്പെടരുതെന്ന ദൃഢനിശ്ചയത്തോടെ നീന്തൽ പരിശീലനം തുടങ്ങി. ആദ്യം ആളുകൾ ശങ്കിച്ചുനിന്നു. സ്വന്തം വീട്ടിലുള്ളവരെ പഠിപ്പിച്ചു തുടങ്ങിയതോടെ അടുത്ത വീട്ടിലെ കുട്ടികളും സ്ത്രീകളുമെത്തി. പിന്നീടിങ്ങോട്ട് കുളക്കരയിൽ പഠിക്കാനെത്തുന്നവരുടെ നീണ്ട നിരയാണ്. വിദ്യാർഥികളാണ് കൂടുതൽ പരിശീലനത്തിനെത്തുന്നത്. അതിനാൽ വൈകിട്ട് നാലുമുതൽ ആറുവരെയാണ് പരിശീലനം. വനിതകൾക്കായി പകലും പരിശീലനമുണ്ട്.
ആദ്യഘട്ടത്തിൽ കുട്ടികളെ കെെത്തണ്ടയിൽ കിടത്തിയാണ് പരിശീലിപ്പിക്കുക. പിന്നീട് കാൻ ഉപയോഗിച്ചും. പത്ത് ദിവസത്തിനകം നീന്തലിൽ വൈദഗ്ധ്യമുള്ളവരാക്കും. കാൻ ഉൾപ്പെടെയുള്ളവ സ്വന്തമായാണ് വാങ്ങി നൽകുക. നീന്തലിനൊപ്പം ഡൈവിങ്ങും വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കാനും പരിശീലിപ്പിക്കും. പത്താം വയസിലാണ് ജാനകിയമ്മ നീന്തൽ പഠിച്ചത്. ക്ഷീര കർഷകകൂടിയായ ഇവരുടെ ദിവസം പുലർച്ചെ നാലിനാരംഭിക്കും. പശുക്കളെ കറന്ന് സൊസൈറ്റിയിലും വീടുകളിലും പാൽ നൽകും. നെൽകൃഷിയുമുണ്ട്. കണ്ണപുരം ക്ഷീരസഹകരണ സംഘം ഡയറക്ടറായിരുന്നു. ഭർത്താവ് കൃഷ്ണനും മകൾ ഷൈജയും മരുമകൻ രഞ്ജിത് കുമാറും പിന്തുണയുമായി ഒപ്പമുണ്ട്.

Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!