നാടിനെ കതിരണിയിക്കാൻ ഒറ്റ മനസ്സോടെ അവർ പാടത്ത്; പഴയകാല പ്രതാപത്തിലേക്ക് കുറ്റ്യേരി വയൽ
തളിപ്പറമ്പ് : വർഷങ്ങളായി കാടുമൂടിക്കിടന്ന തളിപ്പറമ്പ് കുറ്റ്യേരി വയൽ ഇപ്പോൾ ഒന്നാന്തരം നെൽപാടമായി. ആരും തിരിഞ്ഞുനോക്കാതിരുന്ന വയലിലെ പച്ചപ്പ് മനോഹര കാഴ്‌ചയാണ്. സർവീസിൽനിന്ന് വിരമിച്ചവരും വിവിധ മേഖലകളിൽ പണിയെടുക്കുന്നവരും ഒറ്റ മനസ്സോടെ പാടത്തിറങ്ങിയതോടെ 11 ഏക്കർ വയൽ പഴയകാല പ്രതാപത്തിലേക്ക്.
തരിശിട്ട വയൽ പ്രതിഫലമൊന്നുമില്ലാതെ നെൽകൃഷി നടത്താൻ താൽപര്യമറിയിച്ച 12 പേരുടെ കൂട്ടായ്‌മയ്‌ക്ക് ഉടമകൾ വിട്ടുകൊടുക്കുകയായിരുന്നു. വർഷങ്ങളായി തരിശിട്ട പാടം നെൽകൃഷിക്കായി ഒരുക്കിയെടുക്കലായിരുന്നു വലിയ വെല്ലുവിളി. 12 പേരും ഒറ്റക്കെട്ടായി വയലിലിറങ്ങി കാടും കളയും മറ്റും വൃത്തിയാക്കി. ട്രാക്ടർ നിലമൊരുക്കി. നടീൽ യന്ത്രം ഉപയോഗിച്ച് കൃഷി ചെയ്യാൻ പോളിത്തീൻ ഷീറ്റിൽ ഞാറ്റടിയും തയ്യാറാക്കി. എന്നാൽ പ്രതികൂല കാലവസ്ഥ കാരണം യന്ത്രനടീൽ നടന്നില്ല. ഇതര സംസ്ഥാന തൊഴിലാളികളാണ് പണിയെടുത്തത്. വരമ്പ് തയ്യാറാക്കൽ, കള പറിക്കൽ ഉൾപ്പെടെയുള്ളവ കൂട്ടായ്‌മയിലെ അംഗങ്ങളാണ് ചെയ്യുന്നത്. രാവിലെ ആറുമുതൽ ഒമ്പതുവരെയും അവധി ദിവസങ്ങളിൽ പൂർണമായും ഇവർ പാടത്ത് പണിയെടുക്കും. കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, പരിയാരം കൃഷിഭവൻ ഉദ്യേഗസ്ഥർ, പഞ്ചായത്ത് എന്നിവർ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും നൽകുന്നു. ജ്യോതി നെൽവിത്താണ് കൃഷി ചെയ്‌തത്.
കൃഷിക്ക് ഇതുവരെ മൂന്നുലക്ഷത്തോളം രൂപ ചെലവായി
വിരമിച്ച അധ്യപകരായ എം.വി. ജനാർദനൻ, എം. ചന്ദ്രൻ, കെ.വി. പ്രഭാകരൻ, സൈനികനായിരുന്ന സുരേഷ്, കെ.എസ്.ഇ.ബി എൻജിനിയറായിരുന്ന എം. ഗോവിന്ദൻ, കുറ്റ്യേരി ബാങ്ക് ജീവനക്കാരനായിരുന്ന പ്രേമരാജൻ, കുറ്റ്യേരി ബാങ്ക് ജീവനക്കാരായ പ്രകാശൻ, മനോഹരൻ, ഡ്രൈവറായ രാജേഷ്, മരപ്പണി തൊഴിലാളി അജിത്ത്, അലൂമിനിയം ഫാബ്രിക്കേഷൻ നടത്തുന്ന അഭിലാഷ്, അക്ഷയ കേന്ദ്രം നടത്തിപ്പുകാരൻ വിനോദ്‌കുമാർ എന്നിവരാണ് കൂട്ടായ്‌മ അംഗങ്ങൾ. എം. ചന്ദ്രനും പ്രേമരാജനും കോ–ഓഡിനേറ്റർമാരായി പ്രവർത്തിക്കുന്നു. ഇതിൽ മിക്കവരും സ്വന്തമായി കൃഷിയുള്ളവർ. ഭാവിയിലും ഈ സംരംഭം തുടരാനാണ് കൂട്ടായ്‌മയുടെ തീരുമാനം.
