മാലിന്യസംസ്‌കരണത്തിന് 6.41 കോടിയുടെ പദ്ധതികളുമായി തളിപ്പറമ്പ് നഗരസഭ

Share our post

സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്‌കരണത്തിന് 2.94 കോടി രൂപയുടെ പുതിയ പദ്ധതികളുൾപ്പെടെ 6.41 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കാൻ തളിപ്പറമ്പ് നഗരസഭ. മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായാണ് വിവിധ മാലിന്യ സംസ്‌കരണ പദ്ധതികൾ നടപ്പാക്കുന്നത്.

ട്രെഞ്ചിങ് ഗ്രൗണ്ടിൽ വിൻഡ്രോ കമ്പോസ്റ്റ് നിർമ്മാണം, കാക്കത്തോട് മാലിന്യ ഡ്രെയിനേജ് നിർമ്മാണം എട്ടും ഒമ്പതും ഘട്ടങ്ങൾ, റിംഗ് കമ്പോസ്റ്റ് വിതരണം, നഗരസഭയിലെ വിവിധ വാർഡുകളിൽ മിനി എം. സി. എഫ്, മിനി എം. സി. എഫ് ബോട്ടിൽ ബൂത്ത് എന്നിവ സ്ഥാപിക്കൽ, നഗരസഭയുടെ വിവിധ സ്ഥാപനങ്ങളിൽ തുമ്പൂർമൂഴി മോഡൽ, നാപ്കിൻ ഡിസ്ട്രോയർ എന്നിവ സ്ഥാപിക്കൽ, ട്രഞ്ചിംഗ് ഗ്രൗണ്ടിലേക്ക് വെയിംഗ് മെഷീൻ വാങ്ങൽ, പൈതൃക മാലിന്യങ്ങൾ നീക്കം ചെയ്യൽ, ട്രഞ്ചിംഗ് ഗ്രൗണ്ടിൽ ഡബിൾ ചേംബേർഡ് ഇൻസിനറേറ്റർ സ്ഥാപിക്കൽ, ശുചിത്വ, മാലിന്യ ബോധവത്കരണം എന്നിവയാണ് നഗരസഭ നടപ്പാക്കുന്ന പുതിയ പദ്ധതികൾ.

നഗരസഭയിൽ സംഘടിപ്പിച്ച പ്രൊജക്റ്റ് ക്ലിനിക്കിൽ അംഗീകാരം നേടിയ പദ്ധതികൾ ഡി പി സിക്ക് സമർപ്പിച്ചു.
ഈ സാമ്പത്തിക വർഷം മൊത്തം 6.41 കോടി രൂപയുടെ മാലിന്യസംസ്‌കരണ പദ്ധതികളാണ് നഗരസഭ നടപ്പാക്കുന്നത്. അർബൻ അഗ്ലോമറേഷൻ (2 കോടിരൂപ ), കേരള ഖരമാലിന്യ പരിപാലന പദ്ധതി (84.5 ലക്ഷംരൂപ ), നേരത്തെ തന്നെ ഡി. പി. സി അംഗീകരിച്ചവ (62.5 ലക്ഷം രൂപ ) എന്നിവയാണ് മറ്റു പദ്ധതികൾ.

കേരള ഖരമാലിന്യ പരിപാലന പദ്ധതിക്കായി വകയിരുത്തിയ 84.5 ലക്ഷം രൂപ സി. സി. ടി.വി, ഫയർഫൈറ്റിംഗ് സിസ്റ്റം, ബെയിലിങ് ഉപകരണം, കൺവെയർ ബെൽറ്റ് എന്നിവ സ്ഥാപിക്കൽ, എം .സി. എഫ് നവീകരണ പ്രവൃത്തികൾ തുടങ്ങിയവയ്ക്കായി വിനിയോഗിക്കും. നഗരങ്ങളിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി ലോക ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രെക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നിവയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി. ട്രീറ്റ്മെന്റ് പ്ലാന്റ് വാർഷിക അറ്റകുറ്റ പണികൾ, നഗരസഭയിലേക്കാവശ്യമായ ശുചിത്വ ഉപകരണങ്ങൾ വാങ്ങുന്നത്, ശുചിത്വ ഹരിത തളിപ്പറമ്പ് തുടങ്ങിയവയാണ് ഡി. പി .സി അംഗീകരിച്ച മറ്റു പദ്ധതികൾ.

നേരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള നഗരസഭയാണ് തളിപ്പറമ്പ്. 2021 ൽ മികച്ച മാലിന്യ സംസ്‌കരണത്തെ മാതൃകകളെ കുറിച്ച് നീതി ആയോഗും ശാസ്ത്ര പരിസ്ഥിതി കേന്ദ്രവും സംയുക്തമായി നടത്തിയ പഠനത്തെ തുടർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലായിരുന്നു തളിപ്പറമ്പ് നഗരസഭയും ഉൾപ്പെട്ടത്. റിപ്പോർട്ടിൽ സ്ഥാനം പിടിച്ച 28 മാതൃകകളിൽ ഒന്നാവാൻ സാധിച്ചത് മാലിന്യ സംസ്‌കരണത്തിലെ കാര്യക്ഷമത തന്നെയാണ് പ്രധാന കാരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!